vipanjikavettikavala

www.facebook.com/groups/malayalamblogwriters/doc/302918926471558/

Saturday, 12 January 2013

കാഴ്ച(കവിത)

കാഴ്ചകളേറെ കണ്ടു നടക്കും കാഴ്ചക്കാരായ് മാറി നാം
കാതും കണ്ണും പൂട്ടിയടച്ചു നടക്കും ചെകിടര്‍ കുരുടര്‍ നാം
വസിക്കാനായിടമേകിയ ഭൂവിലിരിക്കും കൊമ്പുമുറിപ്പവര്‍ നാം
എല്ലാം നമ്മുടെ കയ്യിലൊതുക്കി വിജയക്കൊടി നീ പാറുകയോ?
ഇല്ലേ ഇല്ലിനി ഇവിടിനി വാസം ഇല്ലെന്നുമറിയുക നീ
എല്ലാമിവിടെ തകര്‍ത്തു തരിപ്പണമാക്കുകയാണോ നിന്‍ ദൗത്യം?
മാനവസംസ്കാരത്തിന്‍ കൊടുമുടിയേറിയ മാമുനി സംസ്കാരം
മാറ്റി മറിക്കപ്പെട്ടവരെന്ന മഹത്വം പാടി നടപ്പവര്‍ നാം
ഭൂമിയെ ദേവിയുമമ്മയുമായി വാഴ്ത്തും ഭാരതസംസ്കാരം
ഭൂമി വിഴുങ്ങും മാഫിയകളെന്നൊരു രാക്ഷസരാണിന്നിവിടെങ്ങും
സൃഷ്ടിയില്‍ തന്നെ കട്ടവനെന്ന ചരിത്രം നിന്നില്‍ നിലകൊണ്ടു
ചെയ്യരുതായ്മകള്‍ ചെയ്യുകയെന്ന കുലത്തൊഴിലിന്‍ ഉടമകളായ് നാം
പ്രകൃതിയൊരുക്കിയ കൊട്ടാരത്തില്‍ വസിക്കുകയെന്നതു നിന്‍ ദൗത്യം
പ്രകൃതിയില്‍ മാനവര്‍ കെട്ടിയ കോട്ട തകര്‍ക്കുക കാലത്തിന്‍ ദൗത്യം
നന്മകളെല്ലാം നാടുകടത്തി നാശത്തിന്‍ വിത്തുകള്‍ പാകി
സ്വാര്‍ത്ഥതയെന്ന വിഷക്കറികായ്ക്കും തായ്തടിവൃക്ഷം ആയവര്‍ നാം
മലനാടുകളെ ഇടിച്ചുനിരത്തി ഇടനാടുകളെ ഉയര്‍ത്തുമ്പോള്‍
വയലും തോടും തൊടിയും കുളവും കുടിനീരുറവകള്‍ ഓര്‍മ്മകളായ്
അധികാരത്തിന്‍ കൊടുമുടിയേറി പൊതുഖജനാവു തകര്‍ക്കുന്നോരേ
തിരുരാജകുടുംബത്തിന്‍ നന്മയില്‍ അഭിമാനികളായ് നമിക്കേണം
നല്ലതുമാത്രം ചെയ്യുകയെന്നതു നമ്മുടെ കടമകളെന്നറിവൂ
നല്ലതിനായി മത്സരമാകൂ പൊതുജനസേവകരേ നിങ്ങള്‍
മോടികള്‍ കൂട്ടിയ കുപ്പായങ്ങള്‍ ഇട്ടുനടന്നു നടിക്കുന്നോരെ
കാണുക കഷ്ടം കാഴ്ചക്കാരെ കണ്ണുകള്‍ പൂട്ടിയടച്ചോളൂ........



                                                                     കനകലത വെട്ടിക്കവല

Wednesday, 9 January 2013

വൈശമ്പായനന്‍ പറയാത്തകഥ

നിദ്രാവിഹീനനായി ശയ്യാഗൃഹത്തിലേക്ക് പ്രവേശിച്ച ദുര്യോദനന്‍ തന്റെ മുഷ്ടിചുരുട്ടി ചുമരില്‍ ആഞ്ഞിടിച്ചു.
പരാജയബോധം മനസ്സില്‍ കനം വച്ചു...
ശരീരം മരണവിധേയമാണെങ്കിലും മരണത്തെകുറിച്ചുള്ള വിചാരം മനസ്സിനെ മദിച്ചുതുടങ്ങിയിരിക്കുന്നു.
കഴിഞ്ഞ ഒരു രാത്രികൊണ്ടാണ് എല്ലാം തകിടം മറിഞ്ഞത്..
അംഗരാജാവായ കര്‍ണ്ണന്‍ എന്താണ് ഇത്രയും പക്വമല്ലാത്ത തീരുമാനങ്ങള്‍ കൈകൊണ്ടത്?
ജാരനായ അര്‍ജ്ജുനപിതാവ് മുന്‍പില്‍ വന്ന് കവചകുണ്ഡലങ്ങള്‍ ഇരന്നു വാങ്ങിയപ്പോള്‍
ആയിരമുരു അവ നല്കരുതെന്ന് നാം പറഞ്ഞു.
കരിവണ്ടായി വന്ന് തുടയിലെ മാംസപേശികളെ തുളച്ച് വിദ്യാവിഘ്നം വരുത്തിയ പൂര്‍വ്വകഥ
നാം അംഗരാജാവിനെ ഓര്‍മ്മപ്പെടുത്തിയിരുന്നു..
എന്നെകുറിച്ച് ആകുലപ്പെടേണ്ടതില്ല.
പക്ഷേ.....
കൗരവരാജാവായ ദുര്യോദനന്‍ വിജയഭേരി മുഴക്കുന്നതു കാണാന്‍ വൃദ്ധപിതാക്കളടക്കം
ഹസ്തിനപുരവും കാത്തിരിക്കുന്നു...
അവരുടെ പ്രതീക്ഷകളെയാണല്ലോ അംഗരാജന്‍ നീ തട്ടിയെറിഞ്ഞത്.
കളങ്കപ്പെട്ട കന്യകാത്വത്തെ മറച്ചുപിടിക്കാന്‍ ശൈശവത്തില്‍ നിഷ്കരുണം ഉപേക്ഷിച്ചുപോയ
നിന്റെ മാതാവ് ഇരുട്ടില്‍ നിന്നെതേടിയെത്തിയ വാര്‍ത്ത നാം അറിഞ്ഞത് ദാസ്യപ്പെണ്ണുങ്ങള്‍ പറഞ്ഞാണ്..
എന്നാല്‍ ഒരിക്കലും അവരോട് നിന്റെ കൃതജ്ഞത നാം പ്രതീക്ഷിച്ചിരുന്നില്ല...
അല്ലയോ! അംഗരാജന്‍,,,,,,
നിന്നെ മകനെപ്പോലെ ഗണിച്ചിരുന്ന പാതിവൃത്യത്തിന്റെ നിറകുടമായ നമ്മുടെ അന്ധമാതാവിന് നീ എന്ത്
വരമാണ് നല്കിയത്?
 നമുക്ക് നിന്നോട് എന്നും ആരാധനയായിരുന്നല്ലോ...
യുദ്ധഭൂമികളില്‍, കവചകുണ്ഡലപ്രഭയില്‍, സൂര്യതേജസ്സോടെ നീ ജ്വലിച്ചുനില്‍ക്കുന്ന കാഴ്ച നാം
കണ്ണിമയ്ക്കാതെ നോക്കിനിന്നിട്ടുണ്ട്.
തേജസ്സറ്റ് മുഖത്ത് കരിനിഴല്‍ ബാധിച്ച്, അടുത്ത പ്രഭാതത്തില്‍ നീ നില്ക്കുന്നതു കാണാന്‍ നാം
അശക്തനാണ്..
മരണത്തേക്കാള്‍ ഭീതിതമാണ് ഇത്തരം കഷ്ടതകള്‍....
നിന്റെ വിഡ്ഢിത്തം നാളെ ചരിത്രമാകും....
സ്വര്‍ഗ്ഗതുല്യമായ ഹസ്തിനപുരം യുദ്ധാവസാനം വരെ ദുര്യോദനനൊപ്പം നില്‍ക്കും.
ശേഷം, പ്രേതഭൂമിപോലെ നൂറ്റാണ്ടുകള്‍........
ഹസ്തിനപുരിയുടെ ഭാവിയെ കരുതി നാം ചഞ്ചലഹൃദയനാകുന്നു.
രോദനമറിയാതെ വളര്‍ന്ന നാം ചഞ്ചലപ്പെട്ടു കൂടാ.
നേരിടാന്‍ പോകുന്ന കൊടുങ്കാറ്റുകളാണ് ഇനി നമ്മുടെ ശക്തി......
ആജ്ഞ പുറപ്പെടുവിക്കാന്‍ സമയമായി.
"അംഗരാജാവിന്റെ നേതൃത്വത്തില്‍ നാലംഗപ്പട യുദ്ധത്തിന് തയ്യാറാകട്ടെ"


                                                           രൂപേഷ് വെട്ടിക്കവല