vipanjikavettikavala

www.facebook.com/groups/malayalamblogwriters/doc/302918926471558/

Tuesday, 21 June 2016

                     സവര്‍ണ്ണേതിഹാസങ്ങള്‍

  സവര്‍ണ്ണമേധാവിത്വ ചിന്ത ഉണര്‍ന്നപ്പോഴാണ് ഇതിഹാസഗ്രന്ഥപാരായണത്തിന്-
  മുതിര്‍ന്നത്.അങ്ങനെ ആര്‍ഷഭാരതത്തിന്റെ ആദി ഇതിഹാസകാവ്യം പൊടിതട്ടി
  പുറത്തെടുത്തു.വായനതുടങ്ങി.വരുണന്റെ പത്താമത്തെപുത്രന്‍ രത്നാകരന്‍ രചിച്ചകൃതി.
  വനാന്തര്‍ഭാഗങ്ങളില്‍ നായാടി നടന്നവന്‍,ഭാര്യാസമേതനായി ഗൃഹസ്ഥാശ്രമം-
  നടത്തുന്നകാലം.സപ്തര്‍ഷികള്‍ നല്കിയ ആത്മജ്ഞാനം.വല്മീകം തുരന്ന്പുറത്തു വന്നവന്‍-
  ‍‍ഋഷിശ്രേഷ്ടന്‍.വായനനീങ്ങുന്തോറും മനസ്സില്‍ ജാതിചിന്ത ഉറഞ്ഞുകൂടി.......
  മാ നിഷാദ...മനസ്സിനെ തിരുത്താന്‍ ആവതും ശ്രമിച്ചു.തികഞ്ഞ പരാജയം.
  വല്മീകം മാഞ്ഞ് കറുത്ത രത്നാകരന്‍ സ്മൃതിയില്‍ നിറയുന്നു.വായന മരിച്ചു.പുസ്തകം മടങ്ങി.
  ഉഷ്ണച്ചൂടില്‍, തിങ്ങിയിരുന്ന പുസ്തകങ്ങളില്‍ നിന്നും മറ്റൊന്ന് വലിച്ചെ‌ടുത്തു.
  വായനാമുറിയില്‍ മത്സ്യഗന്ധം.പരാശരന്റേയും കാളിയുടേയും മകന്‍ കൃഷ്ണനാണത്രേ-
  ഇതിന്റെ കര്‍ത്താവ്.കൃഷ്ണന്റെ അമ്മാത്തിനെ കുറിച്ച് ഓര്‍ത്തുപോയി.ഹീനജാതി.
  വായനതുടരുമ്പോള്‍ വായനാമുറിയില്‍ മത്സ്യഗന്ധം രൂക്ഷം.വീണ്ടും വായന മരിച്ചു.
  പുസ്തകം മടങ്ങി.ഒടുവില്‍ സവര്‍ണ്ണനായ താന്‍തന്നെ രണ്ട് ഇതിഹാസങ്ങള്‍ എഴുതാന്‍-
  തീരുമാനിച്ചു.സവര്‍ണ്ണകുലമഹിമയുള്ള പേരുകള്‍ ചാര്‍ത്തി. സവര്‍ണ്ണരാമായണം....
  സവര്‍ണ്ണഭാരതം...പടയോട്ടങ്ങളുടെ കഥയായതിനാല്‍ എഴുതാനുള്ള മഷിയുടെ-
  നിറവും തിരഞ്ഞെടുത്തു.രക്തവര്‍ണ്ണം....തൂലികയെടുത്ത് രക്തവര്‍ണ്ണ മഷിയില്‍-
  മുനമുക്കി കാത്തിരുന്നു ആത്മജ്ഞാനത്തിനായി... സപ്തര്‍ഷികളുടെ വരവും കാത്ത്.....

                                                                  രൂപേഷ് വെട്ടിക്കവല