vipanjikavettikavala

www.facebook.com/groups/malayalamblogwriters/doc/302918926471558/

Friday, 12 July 2013

ഉത്തമയായ ഭാര്യ

കമ്പിളിപ്പുതപ്പിനുള്ളില്‍ സുഖശയനം നടത്തിയിരുന്ന തന്നെ പ്രഭാതത്തില്‍ വിളിച്ചുണര്‍ത്തിയത്, ഈറനുടുത്ത്
മുടിയിഴകളില്‍ തുളസിക്കതിരും ചൂടിവന്ന പ്രീയതമയല്ലായിരുന്നു.മറിച്ച് ORPAT കമ്പനിയുടെ വിലകുറഞ്ഞ ടൈംപീസാണ്.രാവിലെ എഴുന്നേറ്റതുമുതല്‍ ശരീരത്തിനാകെ ഒരു അസ്വസ്ഥത.ദിനപ്പത്രവുമായി ചാരുകസാലയില്‍ മലര്‍ന്നു കിടക്കുമ്പോള്‍ നെഞ്ചില്‍ ഇടതുഭാഗത്തായി ചെറിയ ഒരു വേദന.
അപ്പോഴും പതിവുള്ള ചായ ലഭിച്ചിരുന്നില്ല. അടുക്കളഭാഗത്തേക്കു നോക്കി നീട്ടിവിളിച്ചു.
ലക്ഷ്മീ..... ചായ.
പ്രതികരണമൊന്നും ലഭിച്ചില്ല.വീണ്ടും കണ്ണുകള്‍ പത്രത്തിലെ കമ്പോളനിലവാരകോളത്തിലൂടെ പരതി നടന്നു.
സാധനങ്ങളുടെ വില കുത്തനെ കൂടുകയാണ്.ഇങ്ങനെ പോയാല്‍...ദീര്‍ഘമായി ഒന്നു നിശ്വസിച്ചു.
നെഞ്ചിലെ വേദന കൂടുന്നതായി തോന്നി.നെഞ്ചിന് ആകെ ഒരു ഭാരം.ശ്വാസതടസ്സം പോലെ.....
തനിക്കെന്തെങ്കിലും സംഭവിച്ചാല്‍.......
തന്റെ ഒരാളിന്റെ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞ് പോകുന്നത്.താന്‍ ഇല്ലാതായാല്‍ അവളും കുട്ടികളും......?
ഓര്‍ത്തപ്പോള്‍ ശരീരം ആകെ വിയര്‍ക്കാന്‍ തുടങ്ങി.
"ഈ വീട്ടിലെ ജോലിയെല്ലാം ഒറ്റയ്ക്ക് ചെയ്യാന്‍ എന്നെക്കൊണ്ടാകില്ല"പതിവ് പരിഭവം പറച്ചിലോടെ ലക്ഷ്മി ചായയുമായി വന്നു.
ചായവാങ്ങി ഇടത് കൈപ്പത്തി നെഞ്ചില്‍ തടവിക്കൊണ്ട് ഞാന്‍ പതിയെ പറഞ്ഞു.
"രാവിലെ മുതല്‍ നെഞ്ചിലൊരു വേദന"...ഇനി അറ്റാക്കോ മറ്റോ ആണോ....?
അറ്റാക്കോ...? നിങ്ങള്‍ക്കോ..? അത് ഹൃദയമുള്ളവര്‍ക്ക് വരുന്ന അസുഖമാണ്. അവള്‍ പൊട്ടിച്ചിരിച്ചു.
"ഓഫീസില്‍ പോകാതിരിക്കാന്‍ വെറുതെ ഓരോ കാരണം ഉണ്ടാക്കേണ്ട"....എന്നൊരു മുന്നറിയിപ്പും നല്കി
അവള്‍ അകത്തേക്കു പോയി.
"ദുഷ്ട"..... എന്ത് ലാഘവത്തോടെയാണ് തന്റെ രോഗത്തെ കുറിച്ച് അവള്‍ പ്രതികരിച്ചത്.... ഓര്‍ത്തപ്പോള്‍
ദേഷ്യവും വിഷമവും തോന്നി.
ഓഫീസില്‍ പോകുന്ന വഴിയില്‍ തന്നെയാണ് സുഹൃത്തായ ഡോക്ടര്‍ പ്രസാദ് ജോലി ചെയ്യുന്ന ഹോസ്പിറ്റല്‍.
മരണഭീതി അവിടേയ്ക്ക് നയിച്ചു. ഡോക്ടറുടെ സുഹൃത്തായതിനാല്‍ മറ്റ് രോഗികളെപോലെ ചീട്ടും പിടിച്ച്
വരാന്തയില്‍ നില്‍ക്കേണ്ടി വന്നില്ല.രോഗവിവരം കേട്ട് അദ്ദേഹം വിശദമായി പരിശോധിച്ചു.
ഡോക്ടറുടെ മറുപടിക്കായി നെഞ്ചിടിപ്പോടെ അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കി....
പുഞ്ചിരി പൊഴിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു."താങ്കള്‍ക്ക് ഒരു കുഴപ്പവുമില്ല.... പിന്നെ...ശരീരഭാരം ക്രമീകരിക്കണം...തടി കൂടുതലാണ്..കുറയ്ക്കണം.....വേറെ പ്രശ്നം ഒന്നും തന്നെയില്ല"....
തിരികെ വീട്ടിലെത്തി വിവരങ്ങള്‍ ലക്ഷിയെ ധരിപ്പിച്ചു.
ഞാനപ്പോഴേ പറഞ്ഞില്ലേ നിങ്ങള്‍ക്ക് കുഴപ്പമൊന്നും ഇല്ലെന്ന്.... ഹാര്‍ട്ട് അറ്റാക്ക് ഹൃദയമുള്ളവര്‍ക്ക് വരുന്ന
അസുഖമാണ്.....ഇത്രയും പറഞ്ഞ് അവള്‍ അടുക്കളയിലേക്ക് നടന്നു.....
വാ പൊളിച്ചു നില്‍ക്കുന്ന തനിക്ക് അപ്പോഴും മനസിലായില്ല എനിക്ക് രോഗമൊന്നുമില്ലെന്ന് ഇവള്‍ മുന്‍കൂട്ടി
അറിഞ്ഞതെങ്ങനെയെന്ന്........
ഒരു പക്ഷേ ഇതാകും "ഉത്തമയായ ഭാര്യ"......



                                                                  (രൂപേഷ് വെട്ടിക്കവല)

Thursday, 11 July 2013

അഭിനവഗാന്ധാരി

ഡിസ്ക്കോത്തെക്കിലെ ആട്ടവും കൂത്തും കഴിഞ്ഞു, ആടിക്കുഴഞ്ഞ കാലുകളോടും  ഉറക്കം തൂങ്ങിയ കണ്ണുകളോടെയും ഷാര്‍ടാ, പുതിയ ഭര്‍ത്താവായ നിഷാന്തിനോടൊപ്പം പുറത്തേക്കിറങ്ങി.

കാര്‍പാര്‍ക്കില്‍  എത്തുമ്പോഴേക്കും ഏതാനും യുവാക്കള്‍ അവരുടെ പിന്നാലെയെത്തി.

'ഹലോ....' വിളികേട്ടു ഷാര്‍ടായും നിഷാന്തും തിരിഞ്ഞു നോക്കി.

'ഹായ് ഗയ്സ്'  പുഞ്ചിരിയോടെ  ഷാർടാ  അവര്‍ക്ക് നേരെ  കൈ വീശി.

'ഞാന്‍ മനു' അടുത്തേക്ക് വന്ന യുവാക്കളിലൊരാള്‍ ആദ്യം സ്വയം പരിചയപ്പെടുത്തി.പിന്നെ കൂടെയുള്ളവരെയും പരിചയപ്പെടുത്തി.

'ഞാന്‍ ഷാര്‍ടാ'  ഹസ്തദാനം ചെയ്യുന്നതിനിടയില്‍ അവള്‍ മൊഴിഞ്ഞു.

'ഷാര്‍ടാ?' 

'ശാരദ എന്നു മലയാളത്തില്‍ പറയും' വാ പൊളിച്ചു നിന്ന മനുവിനോട് നിഷാന്ത് വിശദീകരിച്ചു.

കൈകൊടുക്കലും കെട്ടിപിടിക്കലും എല്ലാം കൂടിക്കുഴഞ്ഞ പരിചയപ്പെടലിനു ശേഷം കാറില്‍ കയറാനൊരുങ്ങിയ ഷാര്‍ടായുടെ പകുതി  ഭാഗവും തുറന്ന 'ടാങ്ക്' എന്ന ടോപ്പില്‍ മനുവിന്റെ കൈ! അഭിനവ ദുശാസ്സന്മാരുടെ പൊട്ടിച്ചിരിക്കിടയിൽ, ധര്‍മപുത്രരേക്കാള്‍ നിസ്സംഗതയോടും നിസ്സഹായതയോടും  കാറിനുള്ളിലേക്ക് കയറിപ്പറ്റാന്‍ ശ്രമിക്കുന്ന നിഷാന്തിനെയാണ്  ഷാർടാ കണ്ടത്.

ഒരു നിമിഷം,മനസ്സിലൂടെ പല മുഖങ്ങള്‍ കടന്നു പോയി...  പഴയ ഭര്‍ത്താവായ മാര്‍ക്ക്, ഫോണ്‍ കാമുകനായ ഇന്ദ്രൻ  , ഇന്റര്‍നെറ്റ്‌ കാമുകന്മാരായ കുമാര്‍, നൌഷാദ് - ആരാണ് തന്നെ രക്ഷിക്കാനായി  ഇവിടെയുള്ളത്?

അഴിയുന്തോറും ചുറ്റിവരാന്‍ താന്‍ ഉടുത്തിരിക്കുന്നത് ചേലയല്ലല്ലോ എന്നതും  ദുശാസനന്റെ  രക്തത്തില്‍ കൈമുക്കിയിട്ടേ കെട്ടിവെക്കൂ എന്നു പ്രതിജ്ഞയെടുക്കാന്‍, അഴിഞ്ഞു വീഴാനായി തനിക്കൊരു മുടിക്കെട്ടില്ലല്ലോ  എന്നതും അപ്പോള്‍ ഒരു പ്രശ്നമായി തോന്നിയില്ല .....

പിന്നെ, കരാട്ടെ ക്ലാസ്സില്‍ പഠിച്ച പാഠങ്ങള്‍ തന്നെ രക്ഷ!!

ഒടുവില്‍ തലങ്ങും വിലങ്ങും ദുശാസനന്മാര്‍ ഓടിയൊളിക്കുന്ന കാഴ്ചയാണ്  കാറില്‍ നിന്നും ഒളിഞ്ഞു നോക്കിയ നിഷാന്ത് കാണുന്നത്....! 
                                              (വാരാന്ത്യ ബ്ലോഗുകള്‍)