തിരിച്ചറിവ്
അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു..
ചടുലമായ അംഗവിക്ഷേപങ്ങള്‍...
കണ്ണുകള്‍ തുറിച്ച്,ചുണ്ടുകള്‍ വിറച്ച് ,ഇടയ്ക്ക് നിശ്വസിച്ച്.
എല്ലാം കുറ്റങ്ങള്‍ എന്റെ മാത്രം കുറ്റങ്ങള്‍...
നിശബ്ദനായി,കണ്ണുകള്‍ താഴ്ത്തി,ശിരസ്സ് കുനിച്ച് അയാളുടെ മുന്നില്‍ ഒരു കുറ്റവാളിയെപ്പോലെ ഞാനിരുന്നു.
നഗരത്തിലെ പ്രമുഖനായ മനോരോഗ വിദഗ്തനാണ് അയാള്‍.
അവള്‍ പറയുമ്പോള്‍ അയാളുടെ കാന്തികവലയമുള്ള കണ്ണുകള്‍ എന്നെ വലയം ചെയ്തു കൊണ്ടിരുന്നു.
ഡോക്ടറുടെ മേശപ്പുറത്തിരുന്ന സ്ഫടികഗോളങ്ങളിലൊന്ന് വിരലുകള്‍ കൊണ്ട് തിരിച്ചുകൊണ്ടിരുന്ന-
എന്റെ കൈത്തണ്ടയില്‍ അവള്‍ പേപ്പര്‍ ചുരുളുകള്‍ കൊണ്ട് അടിച്ചു. എന്നിട്ട് ഡോക്ടറോട് പറഞ്ഞു.
കണ്ടോ..ഡോക്ടര്‍ മാനേഴ്സില്ലാതെ പെരുമാറുന്നത്?അങ്ങ് ഒരു ഡോക്ടറല്ലേ.. അങ്ങയുടെ മുന്നില്‍-
ഇത്തരത്തിലാണെങ്കില്‍ പുറത്ത് എന്താകും അവസ്ഥ?
ഞാന്‍ കൈകള്‍ കെട്ടി തലകുനിച്ച് കുറ്റവാളിയെപ്പോലെ ഇരുന്നു.
കുറവുകളുടെ കെട്ടുകള്‍ അവള്‍ വീണ്ടും അഴിച്ചു തുടങ്ങി.
കുറ്റങ്ങള്‍..., കുറവുകള്‍ ഓരോന്നായി ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
വിവാഹം കഴിഞ്ഞിട്ട് എട്ട് വര്‍ഷമായി മധുവിധു നാളുകളില്‍ പോലും സ്നേഹിച്ചിട്ടില്ലാത്രെ...
തന്റേത് പ്രകടമാകാത്ത സ്നേഹമാണു പോലും..
മധുവിധു നാളുകളിലൊരിക്കല്‍ ഊട്ടിയിലെ പ്രഭാതസവാരിയില്‍ അവളുടെ ചുമലില്‍ കൈകള്‍-
വച്ച് നടന്നപ്പോള്‍ കൈകള്‍ തട്ടിയകറ്റി അല്പം ദേഷ്യത്തോടെ അവള്‍ പറഞ്ഞു.
പരിസരബോധം വേണം മനുഷ്യനായാല്‍...
സുഖവാസകേന്ദ്രമാണ് നമ്മെ അറിയുന്നവരായി ഇവിടെ ആരും കാണില്ല ഞാന്‍ പറഞ്ഞു.
സംസ്കാരമില്ലാത്ത വര്‍ഗ്ഗം... അവള്‍ കയര്‍ത്തു
അന്ന് തണുത്തകിടപ്പറയില്‍ വികാരത്തിന്റെ തീഷ്ണതയില്‍ നീണ്ട നഖങ്ങള്‍ കൊണ്ട്
ചുമലില്‍ ചിത്രങ്ങള്‍ വരയ്കുമ്പോള്‍ അവളുടെ നഖക്ഷതങ്ങളുടെ നീറ്റല്‍ താന്‍ സഹിച്ചിരുന്നു.
വികാരശമനത്തിനൊടുവില്‍ അധരങ്ങളില്‍ താന്‍ നല്‍കിയ സ്നേഹചുംബനം അവള്‍ ഇടത്കരം
കൊണ്ട് അമര്‍ത്തി തുടച്ചു പറഞ്ഞു... വൃത്തിയില്ലാത്തവന്‍.
ചിന്തയില്‍ നിന്ന് ഉണര്‍ന്നപ്പോള്‍ താന്‍ അവളെ ശ്രദ്ധിച്ചു. കൂട്ടുകാരിയായ രേണുവിന്റെ
വിവാഹത്തിന് പോയ കഥയാണ് ഡോക്ടറോട് അപ്പോള്‍ അവള്‍ പറഞ്ഞുകൊണ്ടിരുന്നത്.
രേണുവിന്റെ വിവാഹദിവസം..
രക്തനിറമുള്ള ഷിഫോണ്‍ സാരിയാണ് അവള്‍ അണിഞ്ഞിരുന്നത്.
രക്തനിറം താന്‍ പണ്ടേ ഇഷ്ടപ്പെട്ടിരുന്നില്ല.
ഇതു വേണോ? ഞാന്‍ ചോദിച്ചു.
നിങ്ങള്‍ക്ക് എന്തറിയാം സമയം കളയാതെ വേഗം ഇറങ്ങാന്‍ നോക്കു.
അല്പം പരിഹാസത്തോടെ അവള്‍ പറഞ്ഞു.
ഡബിള്‍ മുണ്ടും ക്രീം കളര്‍ ഷര്‍ട്ടും ധരിച്ച് വിവാഹത്തിന് പങ്കെടുത്ത തന്നെ അല്പം-
ഈര്‍ഷ്യയോടെ പലപ്പോഴും അവള്‍ നോക്കുന്നുണ്ടായിരുന്നു.
കോട്ടും സ്യൂട്ടും ധരിച്ചെത്തിയവരെ കാണിച്ച് എന്റെ ചെവിയില്‍ അവള്‍ മുരണ്ടു.
കണ്ടോ... ആണുങ്ങളായാല്‍ അങ്ങനെ വേണം..
തലകുനിച്ച് കുറ്റവാളിയായി അവിടെയും താന്‍ നിന്നു.
എല്ലാം കേട്ട് ഡോക്ടര്‍ നെടുവീര്‍പ്പിട്ടു.
നെറ്റിചുളിച്ച് ഒരു കുറ്റവാളിയെ നോക്കും പോലെ എന്നെ നോക്കിയിട്ട് അവളോട് പറഞ്ഞു.
മേഡം അല്പനേരം പുറത്തിരിക്കു ഞാന്‍ മരുന്ന് കുറിക്കാം..
അല്പനേരത്തിന് ശേഷം ഡോക്ടറുടെ കുറിപ്പടിയുമായി ഞാന്‍ പുറത്തിറങ്ങി.
അതും കൂടി ഇനി എവിടെയെങ്കിലും കൊണ്ട് കളയാന്‍... ഇപ്പോള്‍ മറവിയും കൂടുതലാണ്...
പിറുപിറുത്തുകൊണ്ട് തട്ടിപ്പറിക്കുംപോലെ മരുന്ന്കുറിപ്പടി അവള്‍ പിടിച്ചുവാങ്ങി..
അലക്ഷ്യമായി അതിലൂടെ കണ്ണോടിച്ചു.
ശാലിനി.....വയസ്സ്.....29
അവളുടെ മുഖം വിവര്‍ണ്ണമായി...നിറഞ്ഞകണ്ണുകള്‍ എന്റെ നേരെ നീണ്ടു.
വലത് കരം കൊണ്ട് അവളെ നെഞ്ചോട് ചേര്‍ത്ത് ഞാന്‍ പടിയിറങ്ങി.
ഒരു പൂച്ചകുഞ്ഞിനെപ്പോലെ എന്റെ നെഞ്ചില്‍ മുഖംപൂഴ്ത്തി അവള്‍ ഒപ്പം നടന്നു....
രൂപേഷ് വെട്ടിക്കവല
