vipanjikavettikavala

www.facebook.com/groups/malayalamblogwriters/doc/302918926471558/

Wednesday, 27 February 2013

അവലക്ഷണം (കവിത) കടമ്മനിട്ട

കൈവെള്ളയില്‍ കറുത്തപുള്ളി                                                                   
കൈനോട്ടക്കാരന്‍ പറഞ്ഞു
അവലക്ഷണം അപായം
വിഷഭയം അഗ്നിഭയം ജലഭയം
മിത്രദോഷം മാനഹാനി
അരചകോപം വിരഹദു:ഖം ദുര്‍മരണം
ലക്ഷണക്കേടു മാറ്റാതെ രക്ഷയില്ലെന്നു വന്നു                                               
മണിബന്ധമറുത്ത് കൈപ്പത്തി കളഞ്ഞ്                                                 
അയാള്‍ രക്ഷപ്പെട്ടു
തല കളഞ്ഞ് തലയിലെഴുത്തിന്റെ കേട്
മാറ്റാമെന്ന തത്ത്വം അങ്ങനെ
അയാള്‍ കണ്ടുപിടിച്ചു.
ലോകവുമാഹ്ലാദിച്ചു....

Tuesday, 5 February 2013

മുന്‍കരുതല്‍

എങ്ങുപോകുന്നു നീ ഈ വമ്പിച്ച ചുമടുമായ്
ഇല്ലയോ സഹായത്തിന്നാരുമേ കഥിച്ചാലും
എന്നുടെ സഹായം ഞാന്‍ നല്‍കിടാം വേണമെന്നാകില്‍
നിന്നുടെ മനോഗതം ചൊന്നാലും മടിക്കേണ്ട
അക്കാണും സുഷിരമോ നിന്‍ വസതി ഹാ..
അച്ചുമടിറക്കി നീ വിശ്രമം പൂണ്ടതെന്തേ?
അച്ചുമടാരോ താങ്ങിക്കൊണ്ടു പോയകത്തേക്കു
നിന്‍ കൊച്ചു കുടുംബക്കാരാകയാം തര്‍ക്കമില്ല
മഴനാളേക്കു തീറ്റിയൊപ്പിച്ചു സുഖിക്കുവാ-
നിപ്പൊഴേ യത്നം ചെയ്തു നേടുകയാവാം ധാന്യം
ആരേയും ചതിക്കാതെ വഞ്ചന ചെയ്തീടാതെ
ജീവിതമാനന്ദമായ് തീര്‍ക്കുവാന്‍ യത്നിപ്പൂ നീ
പഞ്ചസാരയും തേനുമാദിയാം പദാര്‍ത്ഥങ്ങ-
ളൊന്നുമേ ശേഷിക്കാതെ കവരും നിന്‍ കൂട്ടരേ-
ക്കാണിക്ക പിപീലികേ പാവനമായീടുമീ-
സമ്പാദ്യം മഴക്കാലത്തേക്കുള്ളതാനന്ദമായ്
എത്രയും നിസാരം നീയെങ്കിലും പിപീലികേ
എത്രയും മഹത്വം നിന്‍ ജീവിതം ഓര്‍ത്തുകണ്ടാല്‍
മാതൃകയായീടട്ടേ ഏവര്‍ക്കുമീ ജീവിതം
പാവനമായീടും നിന്‍ ജീവിതം പോകട്ടേ ഞാന്‍..... 





       ഭാര്‍ഗ്ഗവി ടീച്ചര്‍ വെട്ടിക്കവല