vipanjikavettikavala

www.facebook.com/groups/malayalamblogwriters/doc/302918926471558/

Sunday, 25 November 2012

ജീവിതം ധന്യമായ് തീര്‍ന്നു(ബാലകവിത)

കൊച്ചു ചെടിനിന്നു ദൂരെ എന്നെ കൊച്ചിലയാട്ടി വിളിച്ചു.
മോദമടുത്തു ഞാനെത്തി ഒരു സൂനമെനിക്കായ് നീട്ടി.
സൂനമിറുക്കുവാനാഞ്ഞു കയ്യില്‍ തട്ടിയാ വണ്ടും മുരണ്ടു
കാത്തുഞാന്‍ ചുറ്റും പറന്നു ഇന്നീപ്പൂവിന്നുടമസ്ഥനല്ലോ
ഞാനും വദിച്ചു രസത്തില്‍ ഇന്നീപ്പൂവിന്നുടമസ്ഥയല്ലോ
നിത്യം വളവും ജലവും നല്കി ഓമനിച്ചങ്ങു വളര്‍ത്തും
ഇച്ചെടിക്കൊമ്പത്തു നൃത്തം ചെയ്യും പൂവിന്നുടമസ്ഥ ഞാനും
എന്നമ്മ നിന്നു വളരാന്‍ ഇന്നീ മണ്ണു സഹായിച്ചതില്ലേ?
മണ്ണിന്നുപകാരമേകാന്‍ ഇന്നു പോകുന്നതാണെന്റെ ധര്‍മ്മം
എന്നു നിനയ്ക്കുന്നപോലാ മലര്‍ നിന്നിതേ മണ്ണിനെ നോക്കി
തക്കത്തിലെത്തിപ്പവനന്‍ അതു തട്ടിയെടുക്കാനൊരുങ്ങി
മൂവരും തര്‍ക്കിച്ചു ഞങ്ങള്‍ തെല്ലു നേരമങ്ങീ നില നിന്നു
പെട്ടെന്നൊരൊത്തു തീര്‍പ്പാക്കി ഞങ്ങള്‍ മൂവരും സംതൃപ്തിയാര്‍ന്നു
നന്മധു മാത്രം മതിയെന്നോതി വണ്ടും മധുവുണ്ടു പോയി
പൂവിന്‍ സുഗന്ധം മതിയെന്നു ഞാന്‍ സൂനമിറുത്തു മണത്തു 
 വാടിക്കുഴഞ്ഞ സുമത്തെ ഞാനും അച്ചെടിച്ചോട്ടിലെറിഞ്ഞു
വേഗം കരിഞ്ഞും അലിഞ്ഞും  അതു മണ്ണോടുചേര്‍ന്നു വളമായ്
ഈശന്റെ മായാവിലാസം ഓര്‍ത്തു ഞാനാ സുമത്തോടുചൊന്നു
ഖേദിക്കവേണ്ട സുമമേ നിന്റെ ജീവിതം ധന്യമായ്ത്തീര്‍ന്നു
ലാളിപ്പവര്‍ക്കൊന്നു പോലെ നീയിന്നാനന്ദമേകി മറഞ്ഞു
ഇക്കണ്ടതെല്ലാം നശിക്കും അവ മണ്ണോടു ചേര്‍ന്നു മറയും
തെല്ലുമേ ഖേദിക്കവേണ്ട നിന്റെ ജീവിതം ധന്യമായ് തീര്‍ന്നു

        കെ.എസ്. ഭാര്‍ഗ്ഗവി ടീച്ചര്‍ വെട്ടിക്കവല

പരിണാമം(കവിത)

പരിണാമത്തിന്‍ ഫലമായിന്നവനിരുകാലികളായ് മാറി
വാലുകൊഴിഞ്ഞു കാലില്‍ നടന്നു നട്ടെല്ലു നിവര്‍ന്നവനായി
കായ്കനികള്‍ ഭക്ഷിച്ചു നടന്നവന്‍ നായാടികളായ് മാറി
കല്ലും നഖവും കുന്തവുമായവന്‍ കയ്യൂക്കുള്ളവനായി
വേദം ശാസ്ത്രപുരാണേതിഹാസം ഇവതന്‍ മനുഷ്യമഹത്വം
ഏറെ മഹാന്മാരുള്ളൊരുനാടായ് ലോകം നമ്മളെ വാഴ്ത്തി
കാലം ഏറെ കഴിഞ്ഞവനിപ്പോള്‍ നട്ടെല്ലില്ലാതായി
ഇരുകാലുകളില്‍ നടന്നിവനിപ്പോള്‍ "ലെവലില്ലാതെ"യുമായി
കള്ളം ചതി കൊല പെണ്‍വാണിഭമിതു അവനുടെ രാക്ഷസരൂപം
ഇണയാം പെണ്ണിനെ ഇരയാക്കിയവന്‍ ചതികള്‍ കാട്ടി രസിപ്പൂ
അധികാരികകളുടെ നിലവാരം തറ തറയെക്കാളും താഴെ
അവരുടെ പിന്‍പേ ഗമിച്ചാല്‍ ഉലകില്‍ ഇനിയൊരു ജീവിതമില്ല
കുടിയന്മാരെ കൊണ്ടു നിറച്ചാല്‍ ഖജനാവില്‍-ഘനമേറും
എവിടെയുമിപ്പോള്‍ കുടിയന്മാരുടെ തരികിട തകധിമി മേളം
സര്‍ക്കാരുദ്യോങ്ങള്‍ ഇപ്പോള്‍ സംഘടനകളുടെ കേളി
സര്‍ക്കാരുദ്യോഗങ്ങളിലിപ്പോള്‍ വ്യാജന്മാരുടെ മേളം
വിദ്യാഭ്യാസത്തിന്‍ നിലവാരം ആഭാസകരം തന്നെ
വിദ്യാഭ്യാസ കച്ചവടക്കാര്‍ കോടികള്‍ കൊയ്യും കാലം
നാടും നന്മയുമെല്ലാം പോയ് നാം നാടോടികളായ് മാറി
നാട്ടുനടപ്പുകളെല്ലാം പോയ് നാം നാട്യക്കാരായ് മാറി
കൂട്ടു കുടുംബ വ്യവസ്ഥിതി മാറി കൂരകളില്ലാതായി
കൊട്ടാരങ്ങള്‍ പെരുകി ഇവിടെ ഭൂമാഫിയകള്‍ വിലസുന്നു
ജെ.സി.ബി. കളാം കാലന്മാരുടെ കൊലവിളിയെവിടെയുമെങ്ങും
കുന്നും മലയും എല്ലാമിന്ന് ലോറിയില്‍ കയറി മറഞ്ഞു
കാലം പോയി വര്‍ഷം പോയി കാടുകളെല്ലാം പോയി
തോടും പോയി വയലും പോയി തോന്ന്യാസങ്ങള്‍ ബാക്കി
സംസ്കാരങ്ങള്‍ പടിക്കുപുറത്ത് നാമോ ചാനലിനുള്ളില്‍
കാര്യത്തിന്‍ ഗതി ഈ വിധമായാല്‍ കാട്ടാളന്മാര്‍ പെരുകും
ലക്ഷ്യവുമില്ലാ ബോധവുമില്ല ലക്ഷ്യം ഭരണം മാത്രം
ഇടതും വലതും കാരണമിപ്പോള്‍  വലയുകയാണീ നമ്മള്‍
രാജാവിന്‍ ഭരണങ്ങള്‍ നമ്മളില്‍ നന്മകളേറെ വളര്‍ത്തി
കള്ളും ചതി കൊല ഇല്ലാതിവിടെ മഹാബലി വാണൊരുകാലം
മാന്യതപോയി മഹാബലി പോയി മാനക്കേടുകള്‍ മാത്രം
മാന്യത എന്നതു മലയാളികളുടെ വേഷം കെട്ടലുമാത്രം
കലികാലത്തെ പഴിപറയുന്നവരൊരു കാര്യം നാം ഓര്‍ക്ക
കലിയും കാലനുമെല്ലാം നമ്മള്‍ നരനാണെന്നതുമാത്രം
വരുമോ വരുമോ നന്മകള്‍ വിരിയും നല്ലൊരുകാലം വരുമോ?
വരുമോ വരുമോ നന്മകള്‍ വിരിയും ഇനിയൊരുകാലം വരുമോ?

                                                 കനകലത വെട്ടിക്കവല

Saturday, 24 November 2012

എന്റെ കവിത(കവിത)

കവിത്വമില്ലാത്ത ഞാന്‍ കവിതയെഴുതുന്നു
പാട്ടറിയാത്ത ഞാന്‍ പാട്ടുകള്‍ പാടുന്നു
അക്ഷരക്കൂട്ടത്തിന്‍ കൊച്ചുമുറിതന്നില്‍
സാഹിത്യസമ്മേളനവേദിയിങ്കല്‍....
എന്റെ കവിതയ്ക്ക് ഭംഗിയുണ്ടാകില്ല
എന്റെ കവിതയ്ക്ക് ഭാവവും കാണില്ല
ആരുമിതിനെ പുകഴ്ത്തിയില്ലെങ്കിലും
കാക്കയ്ക്ക് തന്‍കുഞ്ഞു പൊന്‍കുഞ്ഞു താന്‍
എന്തിനായിട്ടു ‍ഞാനീ വേല ചെയ്യുന്നു
എന്തിനായിട്ടു ഞാന്‍ പാട്ടുകള്‍ പാടുന്നു
അക്ഷരക്കൂട്ടത്തെ സാഹിത്യവേദിയില്‍
എന്റെ കവിതയും ചൊല്ലിടേണ്ടേ
വ്യാഴവട്ടം പിന്നെ രണ്ടുമാസം കൂടി
ചേരുന്ന വേളയീ കൂട്ടത്തിന്
ആശംസനേരുവാന്‍ സന്തോഷമേകുവാന്‍
ഞാനെന്റെ കവിതയും ചൊല്ലിടുന്നു......



                                                          സോമദാസ് വെട്ടിക്കവല

കാലം(കവിത)

കാലം സാക്ഷിയായി നില്ക്കുന്നു.....
മാനവലോകം നെറികേട് കാട്ടി രസിക്കുന്നു
കലികാലമെന്നുപേര്‍ ചൊല്ലിയവരിന്നിവിടെ
നരനായ്ക്കളായിന്ന് നൃത്തം ചവിട്ടുന്നു.
പ്രകൃതിയെ ഒന്നാകെ തകിടംമറിച്ചവര്‍
മറുലോകവും താണ്ടി താണ്ഡവമാടുന്നു.
ഹതഭാഗ്യരായിന്ന് മാനുഷ്യര്‍ ഇന്നിവിടെ
ഗതികേടുകള്‍ കണ്ട് മിഴിനട്ടിരിക്കുന്നു.
അരുതെന്നു പറയുവാന്‍ ആരുമില്ലാത്ത ഗതി
അവര്‍ തന്നെ ഇവിടുത്തെ സൃഷ്ടിയും സൃഷ്ടാവും
നെറികേടില്‍ സഹികെട്ടു നാവുചലിപ്പിച്ചാല്‍
അവരിവിടെ വേണ്ടെന്നു കല്പിച്ചിടുന്നവര്‍
ഭൂതവും ഭാവിയും വര്‍ത്തമാനങ്ങളും
കാലം ഹരിച്ചു ഗുണിച്ചു പഠിക്കുന്നു.
വേണ്ടതിന് വേണ്ടപോല്‍ വിധിനിര്‍ണ്ണയിക്കുന്ന
കാലത്തിന്‍ ഗതിവിഗതി ആരറിയുന്നുവോ.....
കാലത്തിന്‍ ഗതിവിഗതി ആരറിയുന്നുവോ.....



                                         കനകലത(വെട്ടിക്കവല)

Friday, 23 November 2012

സൗഹൃദം(കവിത)

സൗഹൃദം മധുവാര്‍ന്നൊരോര്‍മ്മ പോല്‍
പൂവിരല്‍ തൊട്ടുണര്‍ത്തിയെന്‍ നെഞ്ചില്‍ പുതുരാഗമായ്
അന്നു നാം കണ്ടൊരാ രാവില്‍
പുതു ഈണമായ് നമ്മളില്‍ സൗഹൃദം...
കളിവാക്കുചൊല്ലിയും ചെറുകുസൃതികാട്ടിയും
നാം പോയൊരാ വീഥിയില്‍
മലരിതളുകള്‍ തൂകുമീ തെന്നലില്‍
കുളിരുപോല്‍ സൗഹൃദം....
പുതുകനവുതേടി നാം പോയൊരായാത്രയില്‍
തമ്മില്‍ പെയ്തൊരാ ആര്‍ദ്ര പുതുപ്രണയം
കൈകോര്‍ത്തു പോകവേ വാക്കിനാല്‍
എന്‍പുസ്തകത്താളില്‍ നിറമെഴും
മാരിവില്ലിന്നഴകാം ഹൃദയഭാഷയില്‍
കുറിച്ചു നിനക്കായി ഞാനെന്‍ പ്രണയഗീതം
മറുവാക്കു കുറിച്ചിടാതെ.....
ഹൃദയപുസ്തകത്തില്‍ കൈയ്യൊപ്പു ചേര്‍ത്തിടാതെ
കനവിലൊരോര്‍മ്മയായി നീ മാറിയ സന്ധ്യയില്‍
കാത്തിരുന്നു ഞാന്‍ നിന്‍വരവിനായി......
നിണമൊഴുകുന്ന ഹൃദയവുമായി................


                                        വിശാഖ്
                                        സ്റ്റാന്‍ഡേര്‍ഡ്-10C
                                        എച്ച്.എസ്സ്.കോട്ടവട്ടം

Thursday, 1 November 2012

ആദിപാവം

ചിനാര്‍മരങ്ങളുടെ താഴ്വരയില്‍ ഞാനൊരസ്ഥി നട്ടു.
മഞ്ഞ് കൊഴിയുന്ന ഏതോ പ്രഭാതത്തില്‍ അതിനൊരു മുളവന്നു.
അത് വളര്‍ന്ന് ഒരു പെണ്‍മരമായി മാറി.
ഞാനവള്‍ക്ക് ഹവ്വ എന്ന ചെല്ലപ്പേര് നല്കി ഓമനിച്ചു.
എന്റെ സ്വപ്നങ്ങള്‍ അവളായിരുന്നു
എന്റെ സ്വപ്നങ്ങളില്‍  ഞാന്‍ അവള്‍ക്ക് ചിറകുകള്‍ വരച്ചു.
മുറിഞ്ഞ വാരിയെല്ലുമായി ഞാന്‍ അവള്‍ക്കു വേണ്ടി ജീവിച്ചു.
എന്റെ ഏതോ ആലസ്യനിമിഷത്തില്‍ അവള്‍ എന്നില്‍ നിന്നും പറന്നകന്നു.
ബലിഷ്ടപേശികളുള്ള സാത്താന്‍ മരവുമായി അവള്‍ സന്ധിചെയ്തു.
അവന്‍ പ്രതിഫലമായി നല്കിയ കനിയില്‍ പകുതി അവളെനിക്കു തന്നു.
ചിനാര്‍മരങ്ങള്‍ അതുകണ്ട് ആര്‍ത്തുചിരിച്ചു.
അങ്ങനെ ഞാന്‍ അവള്‍ക്കും സാത്താനും അടിമയായി.
ഇന്ന്.....
പഴയ താഴ്വരയില്‍ ഞാനൊരസ്ഥികൂടി നട്ടു.
ഒന്നു തീര്‍ച്ച, ഇനി മുളയ്ക്കുന്ന പെണ്‍മരത്തിനായി
എന്റെ സ്വപ്നങ്ങളിലൊന്നിലും ഞാന്‍ ചിറകുകള്‍ വരയ്ക്കില്ല..... 


                              രൂപേഷ് വെട്ടിക്കവല

മഴ മൊഴികള്‍