vipanjikavettikavala

www.facebook.com/groups/malayalamblogwriters/doc/302918926471558/

Sunday, 31 August 2014

റൊമനോവ്

ഭ്രാന്തമായ ആവേശത്തോടെ വേഗം നടന്നു.
ജീവിതത്തിന്റെ വേഗത്തിനൊപ്പം പലപ്പോഴും ഓടിയെത്താന്‍ കിതച്ച നിമിഷങ്ങളില്‍
തന്റെയൊപ്പം നിന്നതാണ്...
അങ്ങിനെ പെട്ടെന്ന് ഉപേക്ഷിച്ചുപോകാന്‍ തനിക്ക് കഴിയില്ല.
വീട്ടില്‍ നിന്നും ഇറങ്ങാന്‍ നേരം പോകരുതെന്ന് ലക്ഷ്മി എതിര്‍ത്ത് പറഞ്ഞു
വിവാഹം കഴിഞ്ഞനാള്‍ തൊട്ട് ശുഭകാര്യങ്ങള്‍ക്കിറങ്ങുമ്പോള്‍ അവള്‍ ഇപ്രകാരമാണ്.
ചാറ്റല്‍മഴ പെയ്യുന്നുണ്ടായിരുന്നു..
കൈപ്പടം തലയ്ക്ക്മുകളില്‍ നിവര്‍ത്തിപ്പിടിച്ച് പറമ്പിലെ ഒതുക്കുകല്ലുകളില്‍ ചവിട്ടി പാടത്തേക്കിറങ്ങി.
ചാറ്റല്‍മഴയില്‍ പാടവരമ്പില്‍ വഴുക്കലുണ്ടാകും എന്നിട്ടും വേഗം തന്നെ നടന്നു.
പാടത്തുനിന്നും വെട്ടുവഴിയിലേക്ക് കയറിയപ്പോള്‍ എതിരെ കണാരേട്ടന്‍ വരുന്നതു കണ്ടു.
കരുണാകരന്‍ എന്നാണ് പേരെങ്കിലും നാട്ടില്‍ അയാള്‍ എല്ലാവര്‍ക്കും കണാരേട്ടനാണ്.
തോര്‍ത്തുമുണ്ട് തലയില്‍ ചുറ്റി സന്തതസഹചാരിയായ മടവാള്‍ അരയില്‍ തിരുകിയാണ് ആശാന്റെ വരവ്
നാട്ടിലെ തെങ്ങ്കയറ്റ തൊഴിലാളിയായ കണാരേട്ടന്റെ ജോലി കഴിഞ്ഞുള്ള മടങ്ങി വരവാണ്.
''നാളെ വരട്ടോ''? കണാരേട്ടന്‍ ചോദിച്ചു.
''ഓ'' നടന്നുകൊണ്ടു തന്നെ മറുപടി പറഞ്ഞു.
വാച്ചില്‍ നോക്കി സമയം നീങ്ങുകയാണ് നടപ്പിന് വേഗം പോരെന്നു തോന്നിയപ്പോള്‍ അല്പദൂരം ഓടുകതന്നെ ചെയ്തു.
ഒരുവിധം പ്രധാന വഴിക്കവലയിലെത്തി..
ദീര്‍ഘനേരം നില്ക്കേണ്ടി വന്നില്ല വേഗം തന്നെ ബസ്സ് ലഭിച്ചു
സ്വകാര്യബസ്സ് ആയതിനാല്‍ പുറകിലാണ് കയറിയത്.
ചുറ്റിലും നില്ക്കുന്നവരുടെ വിയര്‍പ്പ്ഗന്ധം അസഹ്യമായി തോന്നി.
മുന്നിലായിരുന്നെങ്കില്‍ സുന്ദരിമാരുടെ അത്തറിന്റേയും മുല്ലപ്പൂവിന്റെയും ഗന്ധം അനുഭവിക്കാമായിരുന്നു.
എങ്കിലും സഹിക്കുകതന്നെ എന്നുനിനച്ച് കമ്പിയില്‍ തൂങ്ങി നിന്നു.
തിരക്കേറിയ നഗരത്തില്‍ ബസ്സിറങ്ങി.വേഗം ഓടാന്‍ തുടങ്ങി.
ആ ബഹുനിലകെട്ടിടത്തിന്റെ പടികള്‍ ഓടിതന്നെ കയറി.
മങ്ങിയവെളിച്ചം പരന്നൊഴുകുന്ന വിശാലമായ ഹാളിലെ സജ്ജീകരിച്ച കൗണ്ടറിനു മുന്നിലെത്തി-
തെല്ല് ഉറക്കെ തന്നെ വിളിച്ചു പറഞ്ഞു.
''ഒരു റൊമനോവ് വോഡ്ക ലാര്‍ജ് ''
അപ്പോഴും താന്‍ കിതയ്ക്കുന്നുണ്ടായിരുന്നു.......






                                                                    രൂപേഷ് വെട്ടിക്കവല

1 comment:

  1. ഹഹഹ... കൊള്ളാം.. അനുഭവമാണോ?

    ReplyDelete