vipanjikavettikavala

www.facebook.com/groups/malayalamblogwriters/doc/302918926471558/

Friday, 20 February 2015

                     എന്റെ പുരുഷൂ...


ഗ്രാമത്തിലെ വായനശാലയുടെ ഓരത്തായുള്ള ഓടിട്ടകെട്ടിടത്തില്‍ പ്രാദേശിക സാഹിത്യകാരന്മാരുടെ കൂട്ടായ്മ.
ഗ്രാമത്തിലെ പണ്ഢിതവര്‍ഗ്ഗത്തിന്റേയും സാഹിത്യകുതുകികളുടേയും ഈ കൂട്ടായ്മ ആഴ്ചതോറും സമ്മേളിക്കാറുണ്ട്.
പ്രവേശനം വരേണ്യവര്‍ഗ്ഗത്തിന് മാത്രം....
എന്റെ പുരുഷു... ആരും കാണാതെ പണ്ഢിതസദസ്സില്‍ ഞാനും ഒന്നെത്തി നോക്കി.
ചന്ദ്രമോഹനന്‍ സര്‍ കവിത അവതരിപ്പിക്കുന്നു.
ഗ്രാമത്തിലെ ഏക പൊതുസ്ഥാപനമായ പ്രൈമറി സ്കൂളിലെ അദ്ധ്യാപകനായിരുന്നു ടിയാന്‍.
 ഇപ്പോള്‍ അടുത്തൂണ്‍ പറ്റി മുഴുവന്‍ സമയസാഹിത്യകാരന്‍.
മാഷിന്റെ കവിതകള്‍ സമാഹരിച്ചാല്‍ ആദരാഞ്ജലികവിതകള്‍ എന്നപേരില്‍ ഒരു കവിതാസമാഹാരം-
പ്രസിദ്ധീകരിക്കാം.മാഷിന്റെ അറിവിലോ പരിചയത്തിലോ ആരെങ്കിലും നിര്യാണം പ്രാപിച്ചാല്‍-
മാഷിന്റെ വക ഒരു ആദരാഞ്ജലികവിതയുണ്ടാകും.
"പാപ്പി"എന്ന് വിളിപ്പേരുള്ള നാട്ടിലെ തെങ്ങുകയറ്റത്തൊഴിലാളിയായ പാച്ചന്റെ നിര്യാണത്തെ-
സംബന്ധിക്കുന്നതാണ് ഇന്നത്തെ ആദരാഞ്ജലിക്കവിത.
കഴിഞ്ഞദിവസമാണ് അതിയാന്‍ തെങ്ങില്‍ നിന്ന് വീണ് നിര്യാതനായത്.
                              'പാപ്പിയെന്നൊരു മഹാകര്‍മ്മി,
                              കല്പവൃക്ഷത്തിന്‍ പ്രീയതോഴന്‍
                              കല്പദ്രുമനെറുകയിലേറി
                              നാളീകപത്രവും കേരവും നിപതിപ്പിച്ചവന്‍
                              കല്പാന്തകാലത്തോളം നിന്‍-
                              മഹത്ചരിതമീ നാട്ടില്‍ ശീലുകളാകും......
എന്ന് തുടങ്ങുന്ന കവിത ശ്രവിച്ചുകഴിഞ്ഞപ്പോഴാണ് എന്റെ പുരുഷൂ, "ശവത്തില്‍കുത്തുക" എന്ന ശൈലി
എങ്ങിനെ ഉണ്ടായി എന്ന് ബോധ്യം വന്നത്.മാഷിന്റെ കവിതയെ അടിസ്ഥാനമാക്കി ഒരു അനുമോദന-
ചര്‍ച്ച തന്നെ നടന്നു.മാഷിന്റെ കവിത തങ്ങളുടെ അടുത്ത മാസികയില്‍ ആദ്യം തന്നെ അച്ചടിക്കണമെന്ന്-
തീരുമാനമായി.ഗ്രാമീണമഹാകവി, പരിണതപ്രജ്ഞന്‍,കവിപുംഗവന്‍,സാഹിത്യവിചക്ഷണന്‍ ഇത്യാദി പദങ്ങളെ-
ടുത്ത് വച്ച് മറ്റ് പണ്ഢിതന്മാര്‍ മാഷിനെ തലങ്ങും വിലങ്ങും തല്ലി.ഇതെല്ലാം കേട്ട് തെല്ല് തലക്കനത്തോടെ
മാഷ് ഇരുന്നു.ഇതൊരു സ്ഥിരം കലാപരിപാടിയാണ് മറ്റുള്ളവര്‍ സൃഷ്ടികള്‍ അവതരിപ്പിക്കുമ്പോള്‍ മാഷും
ഇത്തരം കഠോരപദസഞ്ചയങ്ങള്‍ കണ്ടെത്തി അവരേയും തല്ലണം അത്രതന്നെ.
             

                ചായയ്ക്കും പരിപ്പുവടയ്ക്കും ഒപ്പമാണ് സദസ്സിലെ ഏക കവയിത്രിയായ വെട്ടിക്കല്‍ശകുന്തളാദേവിയുടെ
കവിത എത്തിയത്.എന്റെ പുരുഷൂ.... ആശങ്കവേണ്ട വെട്ടിക്കല്‍ എന്നത് സ്വഭാവമല്ല വീട്ടുപേരാണ്.
ശകുന്തളാദേവിയുടെ കവിതകേട്ട് പരിപ്പുവടയും തിന്ന് വായില്‍ ഉമിനീരുമൊലിപ്പിച്ച് പണ്ഢിതര്‍ ഇരുന്നു.
                                "പാദസരങ്ങള്‍ ആയിരങ്ങള്‍ കിലുക്കി.
                                കൊതുമ്പുകല്പടവുകളില്‍ ഈറന്‍ നിലാവും കുളിര്‍കാറ്റും
                                ആലുവാപ്പുഴയിലെ ഓളവും തീരവും..
                                ആലിംഗനത്തില്‍ ആരും കാണാതെ മുഴുകി....
എന്ന കവിത ശകുന്തളാദേവി ആലപിച്ചു കഴിഞ്ഞപ്പോള്‍ എട്ടുദിക്കും പൊട്ടുമാറ് കരഘോഷവും ആലിംഗനവും-
പൊന്നാടയണിയിക്കലും. എന്റെ പുരുഷൂ....അപണ്ഢിതനും വിവരദോഷിയും അല്പജ്ഞാനിയും ആയ ഞാന്‍
വേഗം പുറത്തിറങ്ങി.കുറുപ്പുചേട്ടന്റെ ചായക്കടയില്‍ നിന്നും റേഡിയോ സംഗീതം ഒഴുകിയെത്തുന്നതും കേട്ട് നടന്നു.
                                "ആയിരംപാദസരങ്ങള്‍ കിലുങ്ങി
                                 ആലുവാപ്പുഴ പിന്നെയുമൊഴുകി
                                 ആരും കാണാതെ ഓളവും തീരവും
                                 ആലിംഗനങ്ങളില്‍ മുഴുകി......
എന്നാലും എന്റെ പുരുഷൂ..... നമ്മുടെ സാഹിത്യകാന്മാര്‍ എത്രകണ്ട് വളര്‍ന്നിരിക്കുന്നു അത്ഭുതംതന്നെ.....
                                                                         രൂപേഷ് വെട്ടിക്കവല

No comments:

Post a Comment