വലതുവശത്തെ വണ്ടിക്കാള
രഘുവിന്റെ മരണവാര്‍ത്ത അവള്‍ പറഞ്ഞാണ് താനറിഞ്ഞത്.
ചെമന്നു കലങ്ങിയ കണ്ണുകളായിരുന്നു അയാള്‍ക്കുള്ളതെന്ന് ഒരിക്കല്‍ അവള്‍ പറഞ്ഞിരുന്നു.
മദ്യപാനിയായ അയാളെ അന്നവള്‍ക്ക് ഭയമായിരുന്നു.
അയാള്‍ സമ്മാനിച്ച മകനേയും വാരിപ്പിടിച്ച് മര്‍ദ്ധനങ്ങള്‍ ഏറ്റിരുന്നകാലം അവള്‍ ഭീതിയോടെ ഓര്‍ത്തിരുന്നു.
മഴമേഘങ്ങള്‍ നിറഞ്ഞ ആകാശത്തിന്കീഴില്‍ നിന്ന് തണുത്തുറഞ്ഞ ആ രണ്ട് ആത്മാക്കളെ തനിക്ക് ലഭിച്ചത്
തികച്ചും അവിചാരിതമായാണ്.
പുറംകണ്ണിന്റെ മായികക്കാഴ്ച അന്യമായിരുന്ന താന്‍ അകക്കണ്ണില്‍ സ്വപ്നങ്ങള്‍ നെയ്തുതുടങ്ങിയ കാലം
തന്റെ വര്‍ത്തമാനകാല സ്വപ്നങ്ങള്‍ അവര്‍ക്കുള്ളതായി.
പാതയോരത്തും പീടികത്തിണ്ണകളിലും കവലകളിലെ ജനസഞ്ചയത്തിലും വടിയും നീട്ടിപ്പിടിച്ച് ഇടത്കൈപ്പത്തി
വായുവില്‍ പരതി അന്യന് ഭാഗ്യംവിറ്റ് നടക്കുമ്പോഴും അവരുടെ സ്വപ്നങ്ങള്‍ക്ക് താന്‍ നിറംപകരുകയായിരുന്നു
മഴപെയ്തിറങ്ങിയ ഒരു രാത്രിയിലായിരുന്നു അവന്‍ തന്നെ ആദ്യമായി "അച്ഛാ" എന്ന് വിളിച്ചത്.
രാവും പകലും അന്യമായവന്റെ മനസ്സില്‍ വെളിച്ചം പതിഞ്ഞദിവസം.
വിലപേശിവാങ്ങിയ കളിപ്പാട്ടങ്ങള്‍ സമ്മാനമായി അവന് നല്കുമ്പോള്‍ അന്ന് അന്ധന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
ഒരിക്കല്‍ നിദ്രയിലെപ്പൊഴോ ഞെട്ടിയുണര്‍ന്ന് അവനെ കിടക്കയില്‍ പരതിയപ്പോഴാണ്,
അവന്റെ കട്ടിയുള്ള മേല്‍മീശയില്‍ വിരലുകള്‍ തടഞ്ഞത്.
അവന്റെ യൗവ്വനം താനറിഞ്ഞ നിമിഷം
യുവാവായിട്ടും അവന്റെ ആഗ്രഹങ്ങള്‍ മിതമായിരുന്നല്ലോ?
വളര്‍ത്തച്ഛന്റെ പരിമിതികളുടെ ഇരുള്‍ അവനേയും ഗ്രസിച്ചിരിക്കണം....
രഘുവിന്റെ മരണവാര്‍ത്ത വീട്ടില്‍ ഇരുട്ടിനൊപ്പം നിശബ്ദതയും എത്തിച്ചു.
അവളുടെ ദീര്‍ഘനിശ്വാസത്തിന്റെ വേലിയിറക്കങ്ങള്‍ പലപ്പോഴും നിശബ്ദതയെ ഭഞ്ജിച്ചു.
മുഷിഞ്ഞ കുറെ നോട്ടുചുരുളുകള്‍ അവള്‍ക്ക് നേരെ നീട്ടി പോയിവരാന്‍ പറയുമ്പോഴും
അവളത് വാങ്ങുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ല.
അകക്കണ്ണിന്റെ കാഴ്ചയില്‍ അവളുടെ മിഴികളിലെ നനവ് താനറിഞ്ഞു.
അമ്മയും മകനും തന്റെ കേഴ്വിക്കപ്പുറത്തേക്ക് നടന്നകന്നു.
തനിച്ചായവന്റെ രോദനം......
അന്ധന്റെ കണ്ണുനീരിന് അരുണനിറം....
നടന്നകന്നവര്‍ക്ക് പിന്‍തിരിഞ്ഞ് താന്‍ നടന്നു.
മഴമേഘങ്ങള്‍ നിറഞ്ഞ ആകാശങ്ങള്‍ക്ക് കീഴില്‍ ആത്മാക്കള്‍ ഇനിയുമുണ്ടാകുമെന്ന വിശ്വാസത്തില്‍........
രൂപേഷ് വെട്ടിക്കവല

No comments:
Post a Comment