vipanjikavettikavala

www.facebook.com/groups/malayalamblogwriters/doc/302918926471558/

Tuesday, 21 April 2015

                                 സ്കൂള്‍ ഡയറി

നാളുകള്‍ക്ക് ശേഷം ഇന്നവന്‍ പാഠശാലയില്‍ പോകുന്നു.
നിറം മങ്ങിയ സഞ്ചിയില്‍ പുസ്തകങ്ങള്‍ നിറച്ചു.
പുസ്തകങ്ങളില്‍ പലതിന്റേയും പുറംചട്ടകള്‍ ഇളകിപ്പോയിരുന്നു.
ഇസ്തിരിയിടാത്ത ചെമന്ന ചുരുണ്ട ഷര്‍ട്ട്
എണ്ണമയമില്ലാത്ത തലമുടി അവന്‍ കൈവിരല്‍ കൊണ്ട് മാടിയൊതുക്കി.
മടമ്പുകള്‍തേഞ്ഞ പൊടിപുരണ്ട ചെരുപ്പുകളില്‍ കാല്‍ തിരുകി സഞ്ചിയും
ചുമലില്‍ തൂക്കി പുറത്തേക്കുവന്ന് എന്റെ മുന്നില്‍ നിന്നു
അച്ഛാ.. ഒരു ലീവ് ലെറ്റര്‍ വേണം...
ഏതോ ബുക്കില്‍ നിന്നും ചീന്തിയ കടലാസുകഷ്ണവും പേനയും എന്റെ നേരെ നീട്ടി
ഉറ്റുനോക്കിക്കൊണ്ട് അവന്‍ നിന്നു...
നീണ്ട കൈവിരലുകള്‍....അവളുടേതു പോലെ തന്നെ..
നഖങ്ങള്‍ വളര്‍ന്നിരിക്കുന്നു. അവയ്ക്കടിയില്‍ അഴുക്കിന്റെ കറുത്ത രേഖകള്‍...
അവളുടെ അഭാവം അവനില്‍ പ്രകടമായിതുടങ്ങിയിരിക്കുന്നു.
താന്‍ എന്താണ് എഴുതേണ്ടത്?
എന്റെ മകന്‍ കഴിഞ്ഞദിവസങ്ങളില്‍ ക്ലാസ്സില്‍ ഹാജരാകാതിരുന്നത്...
അവന്റെ അമ്മ..........
കണ്ണുകള്‍ നിറഞ്ഞത് അവന്‍ കാണാതിരിക്കാന്‍ നന്നേ പണിപ്പെട്ടു.
മോന്‍ ഉച്ചയ്ക്ക് എന്തു കഴിക്കും? അച്ഛന്‍ ചോറ് കൊണ്ടു വരാം..
വേണ്ടച്ഛാ... സ്കൂളില്‍ കഞ്ഞിയുണ്ട്. അമ്മ മരിച്ചുപോയ വാസൂം അതാ കഴിക്കണത്...
ഹൃദയഭിത്തികളില്‍ നൊമ്പരത്തിന്റെ വിള്ളലുകള്‍...
പതുക്കെ കസാലയില്‍ നിന്നും എഴുന്നേറ്റു... അവന്റെ ചുമലില്‍ പിടിച്ചുകൊണ്ട്..
തൊടിയിലേക്ക് നടന്നു.
നനഞ്ഞമണ്‍കൂനയില്‍ പുതുതായി നാമ്പെടുത്ത ധാന്യച്ചെടികള്‍...
തനിച്ചാക്കിപ്പോയവള്‍ക്ക് കണ്ണീര്‍ത്തുള്ളികള്‍.....


                                                                                                  രൂപേഷ് വെട്ടിക്കവല

No comments:

Post a Comment