vipanjikavettikavala

www.facebook.com/groups/malayalamblogwriters/doc/302918926471558/

Friday, 19 October 2012

പ്രണയം-ആധുനികപര്‍വ്വം

 ബൈക്കപകടത്തില്‍ മരിച്ച ബിനുപോളിന്റെ ശവഘോഷയാത്രയില്‍വച്ചാണ് ഞാനവളെ
 ആദ്യമായി പരിചയപ്പെട്ടത്.
വെള്ളാരംകല്ലുകള്‍ പോലെ കണ്ണുകള്‍ ഉള്ളവള്‍....
ആ കണ്ണുകള്‍ കൊണ്ട് അവളെന്നെ പ്രണയം അറിയിച്ചു.
ബിനുപോളിന്റെ തലതകര്‍ന്ന ശവം ഞാന്‍ വിസ്മരിച്ചു.
ആദ്യ പ്രണയം.......
ഒരു മഴപോലെ എന്നില്‍ പെയ്തിറങ്ങി.
ബിനുപോളിന്റെ മമ്മിയുടെ നിലവിളി ആ മഴയില്‍ അലിഞ്ഞുചേര്‍ന്നു.
വെള്ളാരംകല്ലുകള്‍ പോലെ മനോഹരമായ അവളുടെ കണ്ണുകള്‍.
ആ ഒരു നോട്ടത്തിനു വേണ്ടി നിരത്തിലൂടെ പള്‍സര്‍ ബൈക്കുകള്‍ ചീറിപ്പാഞ്ഞു.
എന്റെ ലാപ് ടോപ്പില്‍ അവള്‍ സ്ക്രാപ്പുകള്‍ അയച്ചു കൊണ്ടേയിരുന്നു.
അസ്ത്രങ്ങള്‍ ഹൃദയത്തില്‍ തുളച്ചുകയറുന്ന ചിത്രങ്ങള്‍.
അവ എന്നും  അവള്‍ക്ക് ഇഷ്ടമായിരുന്നു....
ചെവിമുറിച്ച് സ്നേഹഭാജനത്തിന് സമ്മാനിച്ച വാന്‍ഗോഗിനെപ്പോലെ എന്റെ ഹൃദയം
ഒരു പിറന്നാള്‍ സമ്മാനമായി അവള്‍ക്ക് നല്‍കേണ്ടി വരുമെന്ന് ഞാന്‍ ഭയന്നു.
വേനല്‍ച്ചൂടില്‍ എന്റെ ചോരവീണ് പാത തണുത്തു.
രക്തം വാര്‍ന്നു മരിച്ച എന്റെ ചിത്രവുമായി പ്രമുഖപത്രങ്ങള്‍ നിരത്തുകള്‍ വാണു.
എന്റെ ശവഘോഷയാത്രയില്‍, എനിക്കായി പ്രണയത്തിന്റെ പാഠം പറഞ്ഞുതന്ന
കാമിനിയുടെ വെള്ളാരംകല്ലുകള്‍ പോലെയുള്ള കണ്ണുകള്‍ പുതിയമുഖം തേടി.
എന്റെ ഓര്‍ക്യൂട്ടില്‍ പരിചിതനല്ലാത്ത ഏതോ ഒരു ചങ്ങാതി ഒരു ചിത്രം അയച്ചു.
ഒരു സാരിത്തുമ്പില്‍ തൂങ്ങിയാടുന്ന രണ്ടാത്മാക്കളുടെ ചിത്രം,
ആ ചിത്രത്തില്‍ അപ്പോഴും അവരുടെ കാല്‍വിരലുകള്‍ തമ്മില്‍
പ്രണയിക്കുകയായിരുന്നു.........


                                                                                 (രൂപേഷ്,വെട്ടിക്കവല)

2 comments:

  1. വിപഞ്ചികയെക്കുറിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ....

    ReplyDelete
  2. This comment has been removed by the author.

    ReplyDelete