vipanjikavettikavala

www.facebook.com/groups/malayalamblogwriters/doc/302918926471558/

Monday, 25 March 2013

ദു:ഖം

ദു:ഖങ്ങളെന്നുമെന്‍ തോഴരായ് മാറുമ്പോള്‍
ദു:ഖത്തിന്‍ നൊമ്പരമറിയുന്നു ഞാന്‍.
സൂര്യാതപമേറ്റുരുകുന്നൊരീ ഭൂമി
ദാഹജലത്തിനായ് കേഴുന്നു.
അതുപോലെയാണെന്‍ നയനങ്ങളെപ്പൊഴും
ദാഹജലമറ്റ ഭൂമിയെപ്പോല്‍
എന്നുമെന്‍ ഹൃത്സ്പന്ദങ്ങളൊക്കെയും
ഇന്നിനിയാര്‍ക്കുള്ളതായിരിക്കും.
കാലമിന്നേകാന്ത സാക്ഷിയായ് നില്ക്കുന്നു
മൂകമെന്നാത്മാവിന്‍ ധ്വനികേള്‍ക്കയാല്‍
ഇന്നേതുദു:ഖത്താല്‍ എന്റെയീ നയനങ്ങള്‍
തിരകളുയര്‍ത്തുന്ന കടല്‍പോലെയാകവേ
നീയില്ലയെങ്കിലെന്‍ ജന്മമിന്നേകാന്ത
തോണിയായൊഴുകുന്നു ആദ്യന്തമില്ലാതെ.......







            സോണിയ ജെയിംസ്
            സ്റ്റാന്‍ഡേര്‍ഡ് - 9 D
            എച്ച്. എസ്സ്. കോട്ടവട്ടം.

Monday, 18 March 2013

തെമ്മാടിക്കുഴിയിലെ പുരോഹിതന്‍

മാതാവിന്റെ സ്നേഹവും ഭൂമിയുടെ ഊര്‍ജ്ജവും മോഷ്ടിച്ച് -
ബാല്യത്തില്‍ സ്വയം അപരിചിതനായി.
കാമിനിയുടെ ഹൃദയം മോഷ്ടിച്ച കൗമാരത്തിന്,
ലാവണ്യത്തിന്റെ പിന്‍ബലം.
ജീവിതസഖിയുടെ കരള്‍ മോഷ്ടിച്ച മദിച്ച യൗവ്വനം.
കര്‍മ്മങ്ങളുടെ കെട്ടുപാടുകളില്‍ ഉഴറിയപ്പോള്‍-
യൗവ്വനത്തിന്റെ ഇടവേളകളില്‍ മോഷ്ടിച്ചത് ,
സഹജീവികളുടെ അവസരങ്ങള്‍.
വാര്‍ദ്ധക്യത്തില്‍ ആദ്ധ്യാത്മികത മോഷ്ടിക്കാന്‍ നിയോഗം.
ഇച്ഛയ്ക്കൊത്ത് ചലിക്കാത്ത വാര്‍ദ്ധക്യം.
മരണത്തെ അതിജീവിക്കാന്‍ ഉരുവിട്ട പ്രാര്‍ത്ഥനകള്‍ വിഫലമായപ്പോള്‍
സ്വയം ക്രൂശിതനാകാന്‍ വിധി.
ദൈവം നല്കിയ ആത്മാവിനെ സ്വയം ക്രൂശിതനാകാന്‍ മോഷ്ടിച്ചു.
അന്ത്യകൂദാശ വാങ്ങാന്‍ മടിച്ചവന്റെ ഭൗതികദേഹം തെമ്മാടിക്കുഴിയിലേക്ക്.
തെമ്മാടികുഴിയിലെ തെമ്മാടികളില്‍ കൂടുതലും-
ഹൃദയവും കരളും മോഷ്ടിക്കപ്പെട്ടവര്‍.
വാര്‍ദ്ധക്യത്തില്‍ തെമ്മാടികുഴിയിലെത്തിയവന് പുരോഹിതപട്ടം.
തെമ്മാടികളുടെ ഇടയില്‍ "തെമ്മാടിക്കുഴിയിലെ പുരോഹിതന്‍".


                               രൂപേഷ് വെട്ടിക്കവല.


Sunday, 17 March 2013

ഭൂമിയുടെ അവകാശികള്‍.....വാരാന്ത്യ ബ്ലോഗുകള്‍


തലയ്ക്ക് ചുറ്റും
വട്ടമിട്ടു പറക്കുന്നു
ശവം തീനി കഴുകന്മാര്‍...

വരി വരിയായി വന്നെന്നെ
അരിച്ചെടുക്കുവാന്‍ തുടങ്ങി-
യിരിക്കുന്നു ഉറുമ്പുകള്‍...

കണ്ണിലും മൂക്കിലും
അലോസരമുണ്ടാക്കി
മൂളി പറക്കുന്ന
ഈച്ചകള്‍...

മനുഷ്യരും
തിരക്കിലായിരുന്നു...

ആരൊക്കെയോ ചേര്‍ന്ന്
വെട്ടി വീഴ്ത്തുന്നു
ഞാന്‍ നട്ടു വളര്‍ത്തിയ
തെക്കേതിലെ മാവിനെ...

ചിലര്‍ എന്നെ കുളിപ്പിക്കുന്ന
തിരക്കില്‍, മറ്റു ചിലര്‍
ചിതയോരുക്കുന്ന തിരക്കിലും...

നിലവിളിച്ചു കൊണ്ടിരിക്കുന്ന
എന്റെ കയ്യും കാലുകളും
ആരിക്കെയോ ചേര്‍ന്ന്
മുറുക്കെ കെട്ടുന്നു...

ഒടുവില്‍ ഉറ്റവര്‍
ചേര്‍ന്നെന്നെ ചിതയി-
ലെക്കെടുക്കുന്നു..

ഇതിനിടയിലെപ്പോഴോ
ഞാന്‍ വിളിച്ചു പറയാന്‍
ശ്രമിക്കുന്നുണ്ടായിരുന്നു
“ഞാന്‍ മരിച്ചിട്ടില്ല എന്ന്”

എവിടെ നിന്നോ മറുപടി
പോലൊരു അശരീരി
കേട്ടു  ഞാന്‍...

“മനസ്സ് മരിച്ചവന്റെ
ശരീരത്തിനു ഭൂമിയില്‍
ജീവിക്കാനുള്ള
അവകാശമില്ലെന്ന്”

Wednesday, 13 March 2013

മാര്‍ച്ച് മാസത്തിലെ ചിരി (കഥ)

ശിവശങ്കരന്‍ സാറിനെ മാനേജര്‍ വിളിക്കുന്നു...
ശിപായി രവിച്ചേട്ടന്‍ വന്നുപറഞ്ഞപ്പോള്‍ ഫയല്‍ കൂമ്പാരത്തില്‍ നിന്നും ശിരസ്സുയര്‍ത്തി നോക്കി.
മറ്റ് ജീവനക്കാരേക്കാള്‍ പ്രായമുള്ളതിനാല്‍ മാനേജര്‍ പോലും-
 ശിപായി രവിയെ രവിച്ചേട്ടനെന്ന് വിളിക്കുകയാണ് പതിവ്.
ബീഢിക്കറപുരണ്ട പല്ലുകള്‍ കാട്ടി രവിച്ചേട്ടന്‍ ചിരിച്ചുനിന്നു.
ഇന്നെന്താണ് താന്‍ ചെയ്ത കുറ്റം?
ഓരോ കാരണം പറഞ്ഞ് മാനേജര്‍ ശകാരിക്കുക പതിവാണ്.
ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് മാനേജരുടെ കാബിനിലേക്ക് നടന്നു.
അനുവാദം ചോദിച്ച് അകത്തുകടന്നു.
ശീതീകരിച്ച മുറിയിലെ റിവോള്‍വിംഗ് ചെയറിലിരുന്ന് കണ്ണടയ്ക്ക് മുകളിലൂടെ നോക്കി-
അദ്ദേഹം ഇരിക്കാന്‍ ആഗ്യം കാട്ടി.
നന്ദി പ്രകാശിപ്പിച്ച് വിനയാന്വിതനായി ഇരുന്നു.
പതിവിന് വിപരീതമായി ചിരിച്ചുകൊണ്ട് അദ്ദേഹം കുശലാന്വേഷണം ആരംഭിച്ചു.
"മിസ്റ്റര്‍ ശിവശങ്കരന്‍" താങ്കള്‍ ഇപ്പോഴും വാടകവീട്ടിലാണോ താമസം?
അതെ, ഞാന്‍ പറഞ്ഞു.'
കുട്ടികള്‍ ഏത് സ്കൂളില്‍ പഠിക്കുന്നു?
നഗരത്തിലെ ഗവണ്‍മെന്റ് സ്കൂളില്‍... ആകാംഷയോടുള്ള എന്റെ മറുപടി.
"മിസ്റ്റര്‍ ശിവശങ്കരന്‍"ഇത് ഏത് മാസമാണെന്നറിയാമല്ലോ?
യെസ് സാര്‍,  മാര്‍ച്ച് മാസം. എന്നിലെ ആകാംഷയ്ക്ക് കനം വച്ചു.
ഈ മാസത്തിന്റെ പ്രത്യേകത അറിയാമോ?
പരീക്ഷ അടുത്തു എന്നു പറഞ്ഞ് രാവിലെ ഭാര്യ കുട്ടികളെ വിളിച്ചുണര്‍ത്തുന്നത് എന്റെ ഓര്‍മ്മയിലെത്തി,
പക്ഷേ എന്തുകൊണ്ടോ ഒന്നും മറുപടി പറഞ്ഞില്ല.
അദ്ദേഹം തുടര്‍ന്നു...
നമ്മുടെ ബാങ്കിന്റെ "നിക്ഷേപസമാഹരണ"മാസമാണിത്, ഒരുകോടി രൂപ നാം
നിക്ഷേപത്തിലൂടെ സമാഹരിക്കണം. അതില്‍ ശിവശങ്കരന്റെ ടാര്‍ജറ്റ് "ടെന്‍ ലാക്ക്" ആണ്.
താങ്കള്‍ക്ക് അതിന് സാധിച്ചില്ലെങ്കില്‍ മറ്റേതെങ്കിലും ബ്രാഞ്ചിലേക്ക് പോകേണ്ടിവരും.
അതിന്റെ ബുദ്ധിമുട്ട് അറിയാമല്ലോ?
ശരി ഇനി താങ്കള്‍ക്ക് പോകാം.... ശേഷം മുന്നിലിരുന്ന കമ്പ്യൂട്ടറിലേക്ക് അദ്ദേഹം ശ്രദ്ധതിരിച്ചു.
ശീതീകരിച്ച മുറിയില്‍ ഉഷ്ണം നിറയുന്നതായി തോന്നി.
ഓഫീസ് സമയം കഴിഞ്ഞ് വീട്ടിലെത്തി ഉമ്മറത്തെ ചാരുകസാലയില്‍ മലര്‍ന്നു.
നിക്ഷേപസമാഹരണം മനസ്സിനെ ആകുലപ്പെടുത്തുന്നു.
ആരോ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് പടിക്കലേക്ക് നോക്കി.
പാല്‍ക്കാരന്‍ വര്‍ക്കിചേട്ടന്‍ പാലുമായി വരുന്നു.
പലപ്പോഴും താന്‍ അയാളെ ശ്രദ്ധിക്കാറേയില്ല.
എന്നും ഭാര്യയാണ് കുശലം ചോദിക്കാറ്.
പതിവ് തെറ്റിച്ച് മുറ്റത്തേക്കിറങ്ങി പാല്‍പാത്രം വാങ്ങി.
"എന്തുണ്ട് വര്‍ക്കിചേട്ടാ വിശേഷം" ഞാന്‍ ചോദിച്ചു.
അമ്പരന്നു നില്ക്കുന്ന വര്‍ക്കിചേട്ടനെ നോക്കി ഞാന്‍ ചിരിച്ചു.
"മാര്‍ച്ച് മാസത്തിലെ ചിരി"



                                                         രൂപേഷ് വെട്ടിക്കവല

                                 

Saturday, 9 March 2013

എന്റെ പ്രീയസഖിയ്ക്ക്

ഒരു വിപഞ്ചികയെ സ്പര്‍ശിയ്ക്കുന്ന മാര്‍ദ്ധവത്തോടെയാണ് ഞാനാദ്യമായി നിന്നെ തൊട്ടറിഞ്ഞത്.
നിന്റെ നാദം......... എന്റെ ആത്മാവിന്റെ അഗാധതകളില്‍ ഇന്നും ഘനീഭവിച്ചു കിടക്കുന്നു.
പകരം വയ്ക്കാനില്ലാത്ത നിന്റെ ലാളിത്യം....
എന്നിലെ കാപട്യവും നിന്നിലെ ലാളിത്യവും ഒരേ ധ്രുവങ്ങളിലൂടെ പ്രയാണം ചെയ്യുന്നു.
ഓര്‍മ്മയുടെ കയങ്ങളില്‍ എനിക്കായി വെള്ളാരംകല്ലുകള്‍ പെറുക്കിനടന്ന ഒരു സഖിയും ഇല്ലായിരുന്നു.
നിന്റെ ലാളിത്യത്തിന് പകരം വയ്ക്കാന്‍ ഞാന്‍ കരുതിയിരുന്ന വെള്ളാരംകല്ലുകള്‍ നിനക്ക് നല്കാം.
ഒന്നു തീര്‍ച്ച.... എന്റെ വെള്ളാരംകല്ലുകള്‍ക്ക് കണ്ണീരിന്റെ കഥകള്‍ പറഞ്ഞ് നിന്നെ ഉറക്കാന്‍ കഴിയും.
ആ കഥകള്‍ എന്റെ വിനിദ്രയാമങ്ങളാണ്....
ഇന്ന് നിന്റെ സാമീപ്യം എന്റെ യാമങ്ങളെ ദീപ്തവും ശീതളങ്ങളുമാക്കുന്നു.
അസാന്നിദ്ധ്യം ആത്മാവില്‍ അന്ധകാരവും..
പ്രീയപ്പെട്ട സഖീ......
ഏകനായി ഒറ്റയടിപ്പാതയിലൂടെ ഒരുനിഴലിന്റെയും പിന്‍ബലമില്ലാതെ നടന്നവന് ആത്മാവും-
അന്യമാകുമ്പോള്‍ ചേതനയറ്റ ഭൗതികദേഹത്തിനരികില്‍ ഇടനെഞ്ച്പിളര്‍ന്ന്-
വിലപിക്കാന്‍ നീയുണ്ടാകുമെന്ന പ്രതീക്ഷയോടെ........






                                                                      (രൂപേഷ് വെട്ടിക്കവല)

Monday, 4 March 2013

ആധുനികന്‍

ആധുനികന് പൗരാണികതയില്‍ വിശ്വാസമില്ല.
കടപ്പാടുകള്‍ അന്യമായവന് മാതാവിന്റെ ഗര്‍ഭപാത്രത്തോടും-
പൈതൃകത്തോടും വിയോജിപ്പാണ്.
ചങ്ങലയ്ക്കിടപ്പെട്ട സഹജീവിയുടെ വേദനനിറഞ്ഞ നിലവിളിയാണ് സംഗീതം....
മാതാവിന്റെ മുന്നില്‍ ഈഡിപ്പസ്..
അവരുടെ ചേതനയറ്റ നഗ്നശരീരം വളര്‍ത്തുനായ്ക്കളുടെ പ്രീയഭോജനം.
ചിത്രവിളക്കിലേക്ക് അഗ്നിപകര്‍ത്താന്‍ ചുണ്ടിലെരിയുന്ന റഷ്യന്‍ സിഗാര്‍..
ആരാധന... മനുഷ്യന് ബുദ്ധി ഉപദേശിച്ച സാത്താനോടു മാത്രം.
പക്ഷേ......
ശക്തനും ഏകാധിപതിയുമായവന് മരണത്തോട് ഭയം.                                                  
അടുത്തുവരുന്ന മരണത്തിന്റെ നിറം വേറിട്ടറിയാന്‍ കഴിയുന്നില്ല.
അവന്‍ കണ്ട മഴവില്ലുകളിലൊന്നിനും ഇല്ലാത്ത നിറം.
അവനറിയുന്ന പൂവുകള്‍ക്കൊന്നിനും മരണഗന്ധമില്ലാതെ പോയി...
ശേഷം....
മരണശബ്ദത്തിന് അവന്‍ കാതോര്‍ത്തു
അവനിതുവരെ കേള്‍ക്കാത്ത ഏതോ മൃഗത്തിന്റെ കുളമ്പടി ശബ്ദമായിരുന്നു അത്.......







                         രൂപേഷ് വെട്ടിക്കവല.

Sunday, 3 March 2013

വിശിഷ്ട നര്‍ത്തകന്‍(കവിത)

ഒരു കൂസലുമേശിടാതിതാ
ചെറുപുഷ്പത്തിലിരുന്നു മന്ദമായ്
ചെറു തേന്‍ നുകര്‍ന്നതോര്‍ക്കുകില്‍                                                 
ചെറു പൂമ്പാറ്റയിതെന്യെയാരിവന്‍.

                               ചെറുപൂക്കളില്‍ വന്നു മുട്ടിയ-
                               പ്പനിനീര്‍ തന്റെ പുറത്തു വീഴ്ത്തി പൂ-
                               മ്പൊടിയാം പൗഡറുമിട്ടു കൊണ്ടിതാ
                               ഒരു നൃത്തത്തിനു കോപ്പുകൂട്ടിനാന്‍

ചെറുപുള്ളി കലര്‍ന്നിടുന്ന പൂ-
ഞ്ചിറകും തുള്ളിയൊരല്പ നേരമായ്
ചെറുനര്‍ത്തനമങ്ങു ചെയ്തിതാ
കരളും കണ്ണുമവന്‍ കവര്‍ന്നിതേ

                                അരികത്തു വിളങ്ങിടുന്നൊരാ
                                മണമേറും ചെറു പുഷ്പവല്ലികള്‍
                                നറുതേന്‍ നുകരാന്‍ കൊടുത്തുതേ
                                മടികൂടാതിഹ നര്‍ത്തകന്നുടന്‍.









                                                                                               (ഭാര്‍ഗ്ഗവി ടീച്ചര്‍ വെട്ടിക്കവല)