vipanjikavettikavala

www.facebook.com/groups/malayalamblogwriters/doc/302918926471558/

Wednesday, 1 July 2015

                         വലതുവശത്തെ വണ്ടിക്കാള

ഘുവിന്റെ മരണവാര്‍ത്ത അവള്‍ പറഞ്ഞാണ് താനറിഞ്ഞത്. 
ചെമന്നു കലങ്ങിയ കണ്ണുകളായിരുന്നു അയാള്‍ക്കുള്ളതെന്ന് ഒരിക്കല്‍ അവള്‍ പറഞ്ഞിരുന്നു.
മദ്യപാനിയായ അയാളെ അന്നവള്‍ക്ക് ഭയമായിരുന്നു.
അയാള്‍ സമ്മാനിച്ച മകനേയും വാരിപ്പിടിച്ച് മര്‍ദ്ധനങ്ങള്‍ ഏറ്റിരുന്നകാലം അവള്‍ ഭീതിയോടെ ഓര്‍ത്തിരുന്നു.
മഴമേഘങ്ങള്‍ നിറഞ്ഞ ആകാശത്തിന്കീഴില്‍ നിന്ന് തണുത്തുറഞ്ഞ ആ രണ്ട് ആത്മാക്കളെ തനിക്ക് ലഭിച്ചത്
തികച്ചും അവിചാരിതമായാണ്.
പുറംകണ്ണിന്റെ മായികക്കാഴ്ച അന്യമായിരുന്ന താന്‍ അകക്കണ്ണില്‍ സ്വപ്നങ്ങള്‍ നെയ്തുതുടങ്ങിയ കാലം
തന്റെ വര്‍ത്തമാനകാല സ്വപ്നങ്ങള്‍ അവര്‍ക്കുള്ളതായി.
പാതയോരത്തും പീടികത്തിണ്ണകളിലും കവലകളിലെ ജനസഞ്ചയത്തിലും വടിയും നീട്ടിപ്പിടിച്ച് ഇടത്കൈപ്പത്തി
വായുവില്‍ പരതി അന്യന് ഭാഗ്യംവിറ്റ് നടക്കുമ്പോഴും അവരുടെ സ്വപ്നങ്ങള്‍ക്ക് താന്‍ നിറംപകരുകയായിരുന്നു
മഴപെയ്തിറങ്ങിയ ഒരു രാത്രിയിലായിരുന്നു അവന്‍ തന്നെ ആദ്യമായി "അച്ഛാ" എന്ന് വിളിച്ചത്.
രാവും പകലും അന്യമായവന്റെ മനസ്സില്‍ വെളിച്ചം പതിഞ്ഞദിവസം.
വിലപേശിവാങ്ങിയ കളിപ്പാട്ടങ്ങള്‍ സമ്മാനമായി അവന് നല്കുമ്പോള്‍ അന്ന് അന്ധന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
ഒരിക്കല്‍ നിദ്രയിലെപ്പൊഴോ ഞെട്ടിയുണര്‍ന്ന് അവനെ കിടക്കയില്‍ പരതിയപ്പോഴാണ്,
അവന്റെ കട്ടിയുള്ള മേല്‍മീശയില്‍ വിരലുകള്‍ തടഞ്ഞത്.
അവന്റെ യൗവ്വനം താനറിഞ്ഞ നിമിഷം
യുവാവായിട്ടും അവന്റെ ആഗ്രഹങ്ങള്‍ മിതമായിരുന്നല്ലോ?
വളര്‍ത്തച്ഛന്റെ പരിമിതികളുടെ ഇരുള്‍ അവനേയും ഗ്രസിച്ചിരിക്കണം....
രഘുവിന്റെ മരണവാര്‍ത്ത വീട്ടില്‍ ഇരുട്ടിനൊപ്പം നിശബ്ദതയും എത്തിച്ചു.
അവളുടെ ദീര്‍ഘനിശ്വാസത്തിന്റെ വേലിയിറക്കങ്ങള്‍ പലപ്പോഴും നിശബ്ദതയെ ഭഞ്ജിച്ചു.
മുഷിഞ്ഞ കുറെ നോട്ടുചുരുളുകള്‍ അവള്‍ക്ക് നേരെ നീട്ടി പോയിവരാന്‍ പറയുമ്പോഴും
അവളത് വാങ്ങുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ല.
അകക്കണ്ണിന്റെ കാഴ്ചയില്‍ അവളുടെ മിഴികളിലെ നനവ് താനറിഞ്ഞു.
അമ്മയും മകനും തന്റെ കേഴ്വിക്കപ്പുറത്തേക്ക് നടന്നകന്നു.
തനിച്ചായവന്റെ രോദനം......
അന്ധന്റെ കണ്ണുനീരിന് അരുണനിറം....
നടന്നകന്നവര്‍ക്ക് പിന്‍തിരിഞ്ഞ് താന്‍ നടന്നു.
മഴമേഘങ്ങള്‍ നിറഞ്ഞ ആകാശങ്ങള്‍ക്ക് കീഴില്‍ ആത്മാക്കള്‍ ഇനിയുമുണ്ടാകുമെന്ന വിശ്വാസത്തില്‍........



                                                                                            രൂപേഷ് വെട്ടിക്കവല

Tuesday, 21 April 2015

                                 സ്കൂള്‍ ഡയറി

നാളുകള്‍ക്ക് ശേഷം ഇന്നവന്‍ പാഠശാലയില്‍ പോകുന്നു.
നിറം മങ്ങിയ സഞ്ചിയില്‍ പുസ്തകങ്ങള്‍ നിറച്ചു.
പുസ്തകങ്ങളില്‍ പലതിന്റേയും പുറംചട്ടകള്‍ ഇളകിപ്പോയിരുന്നു.
ഇസ്തിരിയിടാത്ത ചെമന്ന ചുരുണ്ട ഷര്‍ട്ട്
എണ്ണമയമില്ലാത്ത തലമുടി അവന്‍ കൈവിരല്‍ കൊണ്ട് മാടിയൊതുക്കി.
മടമ്പുകള്‍തേഞ്ഞ പൊടിപുരണ്ട ചെരുപ്പുകളില്‍ കാല്‍ തിരുകി സഞ്ചിയും
ചുമലില്‍ തൂക്കി പുറത്തേക്കുവന്ന് എന്റെ മുന്നില്‍ നിന്നു
അച്ഛാ.. ഒരു ലീവ് ലെറ്റര്‍ വേണം...
ഏതോ ബുക്കില്‍ നിന്നും ചീന്തിയ കടലാസുകഷ്ണവും പേനയും എന്റെ നേരെ നീട്ടി
ഉറ്റുനോക്കിക്കൊണ്ട് അവന്‍ നിന്നു...
നീണ്ട കൈവിരലുകള്‍....അവളുടേതു പോലെ തന്നെ..
നഖങ്ങള്‍ വളര്‍ന്നിരിക്കുന്നു. അവയ്ക്കടിയില്‍ അഴുക്കിന്റെ കറുത്ത രേഖകള്‍...
അവളുടെ അഭാവം അവനില്‍ പ്രകടമായിതുടങ്ങിയിരിക്കുന്നു.
താന്‍ എന്താണ് എഴുതേണ്ടത്?
എന്റെ മകന്‍ കഴിഞ്ഞദിവസങ്ങളില്‍ ക്ലാസ്സില്‍ ഹാജരാകാതിരുന്നത്...
അവന്റെ അമ്മ..........
കണ്ണുകള്‍ നിറഞ്ഞത് അവന്‍ കാണാതിരിക്കാന്‍ നന്നേ പണിപ്പെട്ടു.
മോന്‍ ഉച്ചയ്ക്ക് എന്തു കഴിക്കും? അച്ഛന്‍ ചോറ് കൊണ്ടു വരാം..
വേണ്ടച്ഛാ... സ്കൂളില്‍ കഞ്ഞിയുണ്ട്. അമ്മ മരിച്ചുപോയ വാസൂം അതാ കഴിക്കണത്...
ഹൃദയഭിത്തികളില്‍ നൊമ്പരത്തിന്റെ വിള്ളലുകള്‍...
പതുക്കെ കസാലയില്‍ നിന്നും എഴുന്നേറ്റു... അവന്റെ ചുമലില്‍ പിടിച്ചുകൊണ്ട്..
തൊടിയിലേക്ക് നടന്നു.
നനഞ്ഞമണ്‍കൂനയില്‍ പുതുതായി നാമ്പെടുത്ത ധാന്യച്ചെടികള്‍...
തനിച്ചാക്കിപ്പോയവള്‍ക്ക് കണ്ണീര്‍ത്തുള്ളികള്‍.....


                                                                                                  രൂപേഷ് വെട്ടിക്കവല

Friday, 20 March 2015

                  മൃതശരീരത്തിലെ കൊതുക്

കൊതുക് പ്രഭാതസവാരിക്കിറങ്ങി...
കൊളസ്ടോള്‍ നിയന്ത്രിക്കുന്നതിന് പ്രഭാതസവാരി അനിവാര്യം.
അനുചരസംഘം സുരക്ഷാവലയമൊരുക്കി.
മൈതാനത്തിലെ പുല്‍ത്തകിടിയില്‍ കൊതുക് കാറിത്തുപ്പി.
പീതവര്‍ണ്ണ കഫത്തില്‍ ചവുട്ടി അനുചരസംഘം നിന്നു.
സവാരികഴിഞ്ഞ് വീട്ടിലെത്തി വെളുത്തകുപ്പായമിട്ട് കട്ടിചില്ലുകളുള്ള കറുത്ത കണ്ണാടിയുമണിഞ്ഞ്
മൂളിപ്പാട്ടും പാടി പുറത്തിറങ്ങി.
സന്ദര്‍ശകര്‍ക്കിടയിലൂടെ കൈകള്‍ കൂപ്പി പുഞ്ചിരിതൂകി നടന്നു നീങ്ങി കാറില്‍ കയറി.
ശീതീകരിച്ച കാറിന്റെ പിന്‍സീറ്റില്‍ വെളുത്ത സുന്ദരിയായ സഹപ്രവര്‍ത്തകയുടെ,
തുടമേല്‍ കൈകള്‍ വച്ച് മലര്‍ന്ന് കിടന്നു.
മന്ത്രിസഭായോഗത്തിനു ശേഷം അടിയേറ്റ് മരിച്ച പാര്‍ട്ടിപ്രവര്‍ത്തകന്റെ വീട്ടില്‍.
റീത്ത് സമര്‍പ്പണം..
കരഞ്ഞുതളര്‍ന്ന അവന്റെ ഭാര്യയെ നെഞ്ചോടുചേര്‍ത്തുനിര്‍ത്തി നെറുകയില്‍ സ്നേഹചുംബനം.
കറുത്തകണ്ണടയ്ക്കുള്ളിലെ ചോരക്കണ്ണില്‍ മൂരിശൃംഗാരം.
ശേഷം അവന്റെ കുടുംബസഹായഫണ്ടുമായി വിമാനത്താവളത്തിലേക്ക്.....
അവിടെ നിന്ന് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പാരീസില്‍.
മരിച്ച് മരവിച്ചുകിടന്ന പ്രവര്‍ത്തകന്റെ ശരീരത്തില്‍ അപ്പോഴും രക്തം പരതിനടന്നു ഒരു കൊതുക്.....







                                                           രൂപേഷ് വെട്ടിക്കവല
 

Sunday, 22 February 2015

                               നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി

വെറുതെ ഒരു രസത്തിന് ദിനേശ് ബീഡി വലിച്ചപ്പോള്‍
ഒരു പരിപ്പുവട തിന്നാന്‍ മോഹം.
കൂടെ കടുംചായ മോന്തിയപ്പോള്‍ പിന്നില്‍ നിന്നാരോ വിളിച്ചു കമ്യൂണിസ്റ്റെന്ന്...
നേതാവായി,അണികളായി,കൊടിതോരണങ്ങളും ചെമന്ന ബെന്‍സും.
ചരിത്രപരീക്ഷയ്ക്ക് തലമണ്ടയില്‍ കയറാതിരുന്ന-
പുന്നപ്ര-വയലാര്‍ സമരം ഒരു രാത്രികൊണ്ട് മനപാഠം.
മകന് ഓഡി.മകള്‍ക്ക് ബി.എം.ഡബ്ലിയു.
മരുമകന് ഊട്ടിയില്‍ കോട്ടേജ്.
അത്താഴവിരുന്നിന് കള്ളുകച്ചവടക്കാരന്‍ മാത്തച്ചന്‍.
അവന്‍ തന്ന പച്ചനോട്ടില്‍ ഗാന്ധിജി.

ഇതെല്ലാം കണ്ട് സ്വീകരണമുറിയിലെ ചില്ലലമാരയിലെ-
പുസ്തകപുറന്താളിലിരുന്ന് ചിരിച്ചൂ കാറല്‍മാക്സ്..
മരിച്ചു ചമഞ്ഞുകിടന്നപ്പോള്‍-
നെഞ്ചത്തൊരു പാര്‍ട്ടിപതാകയും ആചാരവെടിയും.
ഇപ്പോള്‍ കലണ്ടറിലെ കറുത്ത അക്ഷരങ്ങളിലൊന്ന് ചെമന്നു.
പൊതുഅവധി,ദുഖാചരണം,അനുസ്മരണം.
സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന.
ശേഷം കള്ളും കോഴിയും വാങ്ങി പൊതുഅവധി ആഘോഷിച്ചു പൊതുജനകഴുതകള്‍ 


                                                  രൂപേഷ് വെട്ടിക്കവല

Friday, 20 February 2015

                     എന്റെ പുരുഷൂ...


ഗ്രാമത്തിലെ വായനശാലയുടെ ഓരത്തായുള്ള ഓടിട്ടകെട്ടിടത്തില്‍ പ്രാദേശിക സാഹിത്യകാരന്മാരുടെ കൂട്ടായ്മ.
ഗ്രാമത്തിലെ പണ്ഢിതവര്‍ഗ്ഗത്തിന്റേയും സാഹിത്യകുതുകികളുടേയും ഈ കൂട്ടായ്മ ആഴ്ചതോറും സമ്മേളിക്കാറുണ്ട്.
പ്രവേശനം വരേണ്യവര്‍ഗ്ഗത്തിന് മാത്രം....
എന്റെ പുരുഷു... ആരും കാണാതെ പണ്ഢിതസദസ്സില്‍ ഞാനും ഒന്നെത്തി നോക്കി.
ചന്ദ്രമോഹനന്‍ സര്‍ കവിത അവതരിപ്പിക്കുന്നു.
ഗ്രാമത്തിലെ ഏക പൊതുസ്ഥാപനമായ പ്രൈമറി സ്കൂളിലെ അദ്ധ്യാപകനായിരുന്നു ടിയാന്‍.
 ഇപ്പോള്‍ അടുത്തൂണ്‍ പറ്റി മുഴുവന്‍ സമയസാഹിത്യകാരന്‍.
മാഷിന്റെ കവിതകള്‍ സമാഹരിച്ചാല്‍ ആദരാഞ്ജലികവിതകള്‍ എന്നപേരില്‍ ഒരു കവിതാസമാഹാരം-
പ്രസിദ്ധീകരിക്കാം.മാഷിന്റെ അറിവിലോ പരിചയത്തിലോ ആരെങ്കിലും നിര്യാണം പ്രാപിച്ചാല്‍-
മാഷിന്റെ വക ഒരു ആദരാഞ്ജലികവിതയുണ്ടാകും.
"പാപ്പി"എന്ന് വിളിപ്പേരുള്ള നാട്ടിലെ തെങ്ങുകയറ്റത്തൊഴിലാളിയായ പാച്ചന്റെ നിര്യാണത്തെ-
സംബന്ധിക്കുന്നതാണ് ഇന്നത്തെ ആദരാഞ്ജലിക്കവിത.
കഴിഞ്ഞദിവസമാണ് അതിയാന്‍ തെങ്ങില്‍ നിന്ന് വീണ് നിര്യാതനായത്.
                              'പാപ്പിയെന്നൊരു മഹാകര്‍മ്മി,
                              കല്പവൃക്ഷത്തിന്‍ പ്രീയതോഴന്‍
                              കല്പദ്രുമനെറുകയിലേറി
                              നാളീകപത്രവും കേരവും നിപതിപ്പിച്ചവന്‍
                              കല്പാന്തകാലത്തോളം നിന്‍-
                              മഹത്ചരിതമീ നാട്ടില്‍ ശീലുകളാകും......
എന്ന് തുടങ്ങുന്ന കവിത ശ്രവിച്ചുകഴിഞ്ഞപ്പോഴാണ് എന്റെ പുരുഷൂ, "ശവത്തില്‍കുത്തുക" എന്ന ശൈലി
എങ്ങിനെ ഉണ്ടായി എന്ന് ബോധ്യം വന്നത്.മാഷിന്റെ കവിതയെ അടിസ്ഥാനമാക്കി ഒരു അനുമോദന-
ചര്‍ച്ച തന്നെ നടന്നു.മാഷിന്റെ കവിത തങ്ങളുടെ അടുത്ത മാസികയില്‍ ആദ്യം തന്നെ അച്ചടിക്കണമെന്ന്-
തീരുമാനമായി.ഗ്രാമീണമഹാകവി, പരിണതപ്രജ്ഞന്‍,കവിപുംഗവന്‍,സാഹിത്യവിചക്ഷണന്‍ ഇത്യാദി പദങ്ങളെ-
ടുത്ത് വച്ച് മറ്റ് പണ്ഢിതന്മാര്‍ മാഷിനെ തലങ്ങും വിലങ്ങും തല്ലി.ഇതെല്ലാം കേട്ട് തെല്ല് തലക്കനത്തോടെ
മാഷ് ഇരുന്നു.ഇതൊരു സ്ഥിരം കലാപരിപാടിയാണ് മറ്റുള്ളവര്‍ സൃഷ്ടികള്‍ അവതരിപ്പിക്കുമ്പോള്‍ മാഷും
ഇത്തരം കഠോരപദസഞ്ചയങ്ങള്‍ കണ്ടെത്തി അവരേയും തല്ലണം അത്രതന്നെ.
             

                ചായയ്ക്കും പരിപ്പുവടയ്ക്കും ഒപ്പമാണ് സദസ്സിലെ ഏക കവയിത്രിയായ വെട്ടിക്കല്‍ശകുന്തളാദേവിയുടെ
കവിത എത്തിയത്.എന്റെ പുരുഷൂ.... ആശങ്കവേണ്ട വെട്ടിക്കല്‍ എന്നത് സ്വഭാവമല്ല വീട്ടുപേരാണ്.
ശകുന്തളാദേവിയുടെ കവിതകേട്ട് പരിപ്പുവടയും തിന്ന് വായില്‍ ഉമിനീരുമൊലിപ്പിച്ച് പണ്ഢിതര്‍ ഇരുന്നു.
                                "പാദസരങ്ങള്‍ ആയിരങ്ങള്‍ കിലുക്കി.
                                കൊതുമ്പുകല്പടവുകളില്‍ ഈറന്‍ നിലാവും കുളിര്‍കാറ്റും
                                ആലുവാപ്പുഴയിലെ ഓളവും തീരവും..
                                ആലിംഗനത്തില്‍ ആരും കാണാതെ മുഴുകി....
എന്ന കവിത ശകുന്തളാദേവി ആലപിച്ചു കഴിഞ്ഞപ്പോള്‍ എട്ടുദിക്കും പൊട്ടുമാറ് കരഘോഷവും ആലിംഗനവും-
പൊന്നാടയണിയിക്കലും. എന്റെ പുരുഷൂ....അപണ്ഢിതനും വിവരദോഷിയും അല്പജ്ഞാനിയും ആയ ഞാന്‍
വേഗം പുറത്തിറങ്ങി.കുറുപ്പുചേട്ടന്റെ ചായക്കടയില്‍ നിന്നും റേഡിയോ സംഗീതം ഒഴുകിയെത്തുന്നതും കേട്ട് നടന്നു.
                                "ആയിരംപാദസരങ്ങള്‍ കിലുങ്ങി
                                 ആലുവാപ്പുഴ പിന്നെയുമൊഴുകി
                                 ആരും കാണാതെ ഓളവും തീരവും
                                 ആലിംഗനങ്ങളില്‍ മുഴുകി......
എന്നാലും എന്റെ പുരുഷൂ..... നമ്മുടെ സാഹിത്യകാന്മാര്‍ എത്രകണ്ട് വളര്‍ന്നിരിക്കുന്നു അത്ഭുതംതന്നെ.....
                                                                         രൂപേഷ് വെട്ടിക്കവല