vipanjikavettikavala

www.facebook.com/groups/malayalamblogwriters/doc/302918926471558/

Friday, 14 December 2012

അനുയാത്ര

നീ സ്നേഹിച്ചിരുന്ന വയലറ്റ് നിറമുള്ള പെണ്‍പക്ഷികളിലൊന്ന്-
ഇന്നലെ ചത്തു....
ഒരിക്കല്‍ ഞാനതിനെ നിനക്ക് പിടിച്ചു തന്നിരുന്നു.
അന്നായിരുന്നല്ലോ എന്റെ ഇഷ്ടം ഞാന്‍ നിന്നെ അറിയിച്ചത്.
തലേന്നു രാത്രിയും മഴ തോരാതെ പെയ്തിരുന്നു.
ഉറക്കം എന്നെ വിട്ട് എന്നേ പോയിരുന്നു.
പ്രഭാതസവാരിക്ക് പോയവരാണ് നിന്റെ മരണവാര്‍ത്ത
ആദ്യമായി എന്നെ അറിയിച്ചത്.
എന്നെ സാന്ത്വനപ്പെടുത്താന്‍ അന്ന് ഒരു കുളിര്‍ കാറ്റുപോലും
വീശിയിരുന്നില്ല...
ഞാനെത്തിയപ്പോഴേക്കും ചിത കെട്ടടങ്ങിയിരുന്നു.
അവിടെയും നീ തന്നെ ജയിച്ചു
തോല്‍വി നിനക്കിഷ്ടമായിരുന്നില്ലല്ലോ???
രാത്രിവണ്ടിയിലെ അവസാനയാത്രക്കാരി-
ലൊരാളായി ഞാന്‍ തിരികെയെത്തി.
കടുംവിസ്കിയില്‍ ഹിമക്കട്ട ചാലിച്ച് ഞാന്‍
ആ രാത്രിയും തള്ളിനീക്കി.
അപ്പോഴും പറിച്ചുമാറ്റാനാകാതെ നീ എന്നില്‍ ഉറഞ്ഞുനിന്നു.
അതോടെ..... ഇടിമിന്നലും പേമാരിയും അതിജീവിക്കാന്‍
ഞാന്‍ കരുതിവച്ച മനസ്സും എനിക്ക് അന്യമായി.
ശിരസ്സ് ഒടിഞ്ഞ് ചുമലിലേക്ക് ചാഞ്ഞായിരുന്നത്രേ
എന്റെ ശവം തൂങ്ങിയാടിയത്.
ചിതയിലേക്കെടുത്തപ്പോള്‍ കണ്ണീരുപൊഴിക്കാന്‍-
ഒരു തെരുവുനായപോലും ഇല്ലായിരുന്നു.
ഇനി.....
ഈ നീലാകാശത്തില്‍ തുമ്പികളായി നമുക്ക് പറന്നു നടക്കാം.
ഇനിയുള്ള നമ്മുടെ യാത്രകളില്‍ ഞാനായിരിക്കും മുന്‍പേ പോകുക.
നീ അനുഗമിക്കുമെന്ന പ്രതീക്ഷയോടെ..........



                                                      രൂപേഷ് വെട്ടിക്കവല

Sunday, 9 December 2012

ആനന്ദധാര(ബാലചന്ദ്രന്‍ ചുള്ളിക്കാട്)

ചൂടാതെ പോയി നീ നിനക്കായ് ഞാന്‍
ചോരചാറി ചുവപ്പിച്ചൊരീ പനിനീര്‍പൂവുകള്‍
കാണാതെ പോയി നീ നിനക്കായ് ഞാന്‍
എന്റെ പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍
ഒന്നു തൊടാതെ പോയി നീ വിരല്‍തുമ്പിനാല്‍                                             
തുടിക്കുമെന്‍ പ്രാണന്റെ തന്ത്രികള്‍..............                                                
തുടിക്കുമെന്‍ പ്രാണന്റെ തന്ത്രികള്‍..............
അന്ധമാം സംവത്സരങ്ങള്‍ക്കു മക്കരെ
അന്ധമെഴാത്തതാം ഓര്‍മ്മകള്‍ക്കക്കരെ
കുങ്കുമം തൊട്ടുവരുന്ന ശരത്ക്കാല
സന്ധ്യയാണെന്നും എനിക്കു നീ ഓമനേ..
ദു:ഖമാണെങ്കിലും... നിന്നെകുറിച്ചുള്ള-
ദു:ഖമെന്താനന്ദമാണെനിക്കോമനേ
എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ
നിന്‍ അസാന്നിദ്ധ്യം പകരുന്ന വേദന
എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ
നിന്‍ അസാന്നിദ്ധ്യം പകരുന്ന വേദന

അന്ധമാം സംവത്സരങ്ങള്‍ക്കു മക്കരെ
അന്ധമെഴാത്തതാം ഓര്‍മ്മകള്‍ക്കക്കരെ
കുങ്കുമം തൊട്ടുവരുന്ന ശരത്ക്കാല
സന്ധ്യയാണെന്നും എനിക്കു നീ ഓമനേ..

Friday, 7 December 2012

പൈങ്കിളി

എന്തെടോ തത്തമ്മേ! ചാരത്തുവന്നു നീ
വട്ടമിട്ടെന്തേ പറന്നീടുന്നു
എന്തുണ്ടു വാര്‍ത്തകള്‍ എന്നോടു ചൊല്ലുവാന്‍
എന്തിവണ്ണം വട്ടമിട്ടിടുന്നു.
വാനവരാരാനും ചൊല്ലിയയച്ചിതോ?
ഭൂവിന്‍ വിശേഷമറിഞ്ഞുപോരാന്‍
മിന്നിത്തിളങ്ങുന്ന നക്ഷത്രപ്പൊട്ടുകള്‍
കൊണ്ടുവരാഞ്ഞതങ്ങെത്ര കഷ്ടം!
പട്ടുറുമാല്‍ കെട്ടി തന്നതങ്ങാരെടോ
പട്ടുതൊഴും നിന്റെ മേനി തന്നില്‍
മൈലാഞ്ചി ചേലിലണിയിച്ചതാരെടോ
ചുണ്ടിലും പാദസരോജത്തിലും
എന്തേ!നടുങ്ങിപോയ് കാനനമല്ലിതു
വേടനില്ലമ്പെയ്തു നിന്നെ വീഴ്ത്താന്‍
ഓമനേ,തങ്കമേ നീയെന്‍ സവിധത്തില്‍
വന്നിരുന്നാനന്ദമേകിയാലും.
തുഞ്ചന്റെ മുന്‍പില്‍ നീ കൊഞ്ചിയ പാട്ടുകള്‍
ഭാഗവതം കിളിപ്പാട്ടു തന്നെ
പാടുക പാട്ടു നീ കേട്ടു കേട്ടാത്മാവും
സത്യസ്വരൂപനില്‍ ചേര്‍ന്നിടട്ടെ.
ഇപ്പോളൊരുക്കുന്ന കൃഷ്ണപൂജയ്ക്കു നീ
നൃത്തവും ഗാനവും നല്‍കിടേണം
പൂജയ്ക്കുവച്ചൊരപ്പാലും പഴങ്ങളും
ആമോദമോടെയെടുത്തു നല്കാം...


                                                                 ഭാര്‍ഗ്ഗവി ടീച്ചര്‍ വെട്ടിക്കവല

Wednesday, 5 December 2012

ഹൃദയവാതില്‍

​എന്റെ ഹൃദയത്തിന് ഒരു വാതിലുണ്ട്
പൊടിപിടിച്ച്, മാറാലകെട്ടി, വരണ്ട്,
വിള്ളലുകള്‍ വീണ ഒരു വാതില്‍..
നിങ്ങള്‍ക്ക് ആ വാതില്‍ തുറന്നു വരാം.
പൊടിപിടിച്ച തറയില്‍ മുന്നേ വന്നവരുടെ കാല്പ്പാടുകള്‍.
പിന്‍തുടരുക..........
അങ്ങ് ദൂരെ ചന്ദനപ്പൊട്ടിന്റെ വലുപ്പത്തില്‍ വെളിച്ചം വീഴുന്നിടത്ത്
ശൂന്യമായ ഒരു കിളിക്കൂട്......
എന്റെ ഹൃദയത്തില്‍ കാണാന്‍ ഇത്രമാത്രം.
തിരികെ പോകാന്‍ വന്നവഴി തന്നെ.
പോകുന്നതിന് മുന്‍പ് ഒരു വാക്ക്,
ആ വാതില്‍ കൊട്ടിയടയ്ക്കരുത്
ഒരു പക്ഷേ...................

                                                                രൂപേഷ് വെട്ടിക്കവല

Sunday, 2 December 2012

എന്റെ മരണം

മരിച്ചിട്ടും എന്റെ കണ്ണുകള്‍ തുറന്നു തന്നെയിരുന്നു
ആ കണ്ണുകള്‍ക്ക് അവളെക്കണ്ട് കൊതി തീര്‍ന്നിരിക്കില്ല
തലയ്ക്കല്‍ കത്തിയെരിയുന്ന വിളക്കിന്റെ വെളിച്ചത്തില്‍
എന്റെ കണ്ണുകളിലെ തിളക്കം അവള്‍ കണ്ടിരിക്കണം
തറയില്‍ വീണ് ചിതറി ഒഴുകിയ അവളുടെ കണ്ണീര്‍
എന്റെ കാലടികളെ നനച്ചിരുന്നു
അതിന് ഇളം ചൂട്....
എനിക്കായി ജീവിതം ഹോമിച്ച പെണ്‍കുട്ടീ.....
നിനക്ക് തരാനായി എന്റെ നെഞ്ചിലേറ്റിയിരിക്കുന്ന പുഷ്പചക്രത്തിലെ,
ഒരിതളുകൊഴിഞ്ഞ വെളുത്തറോസാപ്പൂവ് മാത്രം.......


                                                                         രൂപേഷ് വെട്ടിക്കവല

Saturday, 1 December 2012

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്














എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാം
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത്,
ഒരു പൂവുണ്ടായിരിക്കും.......
ജിജ്ഞാസയുടെ ദിവസങ്ങളില്‍,
പ്രണയത്തിന്റെ ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം
മണ്ണ് മൂടുന്നതിന് മുന്‍പ് ഹൃദയത്തില്‍ നിന്ന് ആ പൂവ് പറിക്കണം
ദളങ്ങള്‍ കൊണ്ട് മുഖം മൂടണം...
രേഖകള്‍ മാഞ്ഞ കയ്യിലും ഒരു ദളം.....
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം
മരണത്തിന്റെ തൊട്ടു മുന്‍പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലായിരുന്നു
ഒഴിച്ചു തന്ന തണുത്ത വെള്ളത്തിലൂടെ
അത് മൃതിയിലേക്ക് ഒലിച്ചുപോകും
അല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇനി എന്റെ ചങ്ങാതികള്‍ മരിച്ചവരാണ്.....
ഇനി എന്റെ ചങ്ങാതികള്‍ മരിച്ചവരാണ്.....


                                                       എ.അയ്യപ്പന്‍

വിശിഷ്ട നര്‍ത്തകന്‍

ഒരു കൂസലുമേശിടാതിതാ
ചെറുപുഷ്പത്തിലിരുന്നു മന്ദമായ്
ചെറുതേന്‍ നുകര്‍ന്നതോര്‍ക്കുകില്‍
ചെറു പൂമ്പാറ്റയിതെന്യെയാരിവന്‍
 ചെറു പൂക്കളില്‍ വന്നുമുട്ടിയ-
പ്പനിനീര്‍ തന്റെ പുറത്തു വീഴ്ത്തി പൂ-
 മ്പൊടിയാം പൗഡറുമിട്ടുകൊണ്ടിതാ 


ഒരു നൃത്തത്തിനു കോപ്പുകൂട്ടിനാന്‍
ചെറുപുള്ളി കലര്‍ന്നിടുന്ന പൂ-
ഞ്ചിറകും തുള്ളിയൊരല്പനേരമായ്
ചെറുനര്‍ത്തനമങ്ങു ചെയ്തിതാ
കരളും കണ്ണുമവന്‍ കവര്‍ന്നിതേ
അരികത്തു വിളങ്ങിടുന്നൊരാ
മണമേറും ചെറുപുഷ്പവല്ലികള്‍
നറുതേന്‍ നുകരാന്‍ കൊടുത്തിതേ
മടികൂടാതിഹ നര്‍ത്തകന്നുടന്‍.

                                                   ഭാര്‍ഗ്ഗവി ടീച്ചര്‍ വെട്ടിക്കവല

ദേശാടനപക്ഷികള്‍

സൈബീരിയന്‍ കാടുകളില്‍നിന്ന് കഴുമരങ്ങള്‍ പൂക്കുന്നനാട്ടിലേക്ക്
ദേശാടനപ്പക്ഷികള്‍ പറന്നെത്തി
തള്ളപക്ഷി ഇണയോട് ചേര്‍ന്ന് നീലാകാശത്തില്‍,
പ്രണയസല്ലാപം നടത്തി
കണ്ടല്‍ക്കാടുകളുടെ മനോഹാരിതയ്ക്ക് താഴെ,
ഒളിപ്പോരാളികള്‍ ഉന്നംനോക്കിയിരുന്നു.
നീലാകാശത്ത് അവിടവിടെ ചുവപ്പു വര്‍ണ്ണം........
തള്ളപക്ഷിയുടെ കണ്ണുകള്‍ ഈറനായി
അത് കഴുമരങ്ങളിലൊന്നില്‍ തലയറഞ്ഞ് മരിച്ചു.
അതിന്റെ രക്തം കഴുമരങ്ങള്‍ക്ക് കീഴെ വിരിഞ്ഞ,
ശവംനാറിപ്പൂക്കളെ ചുവപ്പുനിറമാക്കി.
ഏതോ നിശാനൃത്തശാലയില്‍ ചില്ല് പാത്രത്തിലെ വോഡ്കയില്‍,
വറുത്തമാംസം മുക്കിത്തിന്ന കിറുക്കന്‍ മരണഗീതം പാടി.
നഗ്നയായ നര്‍ത്തകിയുടെ കിരീടത്തില്‍ ചുവന്ന ശവംനാറിപ്പൂവ്
കഥയറിയാതെ ദേശാടനപ്പക്ഷികള്‍ വന്നുകൊണ്ടേയിരുന്നു
അവയുടെ നിണം വീണ്  ശവംനാറിപ്പൂക്കള്‍ പിന്നെയും ചുവന്നു...



                                 രൂപേഷ് വെട്ടിക്കവല

Sunday, 25 November 2012

ജീവിതം ധന്യമായ് തീര്‍ന്നു(ബാലകവിത)

കൊച്ചു ചെടിനിന്നു ദൂരെ എന്നെ കൊച്ചിലയാട്ടി വിളിച്ചു.
മോദമടുത്തു ഞാനെത്തി ഒരു സൂനമെനിക്കായ് നീട്ടി.
സൂനമിറുക്കുവാനാഞ്ഞു കയ്യില്‍ തട്ടിയാ വണ്ടും മുരണ്ടു
കാത്തുഞാന്‍ ചുറ്റും പറന്നു ഇന്നീപ്പൂവിന്നുടമസ്ഥനല്ലോ
ഞാനും വദിച്ചു രസത്തില്‍ ഇന്നീപ്പൂവിന്നുടമസ്ഥയല്ലോ
നിത്യം വളവും ജലവും നല്കി ഓമനിച്ചങ്ങു വളര്‍ത്തും
ഇച്ചെടിക്കൊമ്പത്തു നൃത്തം ചെയ്യും പൂവിന്നുടമസ്ഥ ഞാനും
എന്നമ്മ നിന്നു വളരാന്‍ ഇന്നീ മണ്ണു സഹായിച്ചതില്ലേ?
മണ്ണിന്നുപകാരമേകാന്‍ ഇന്നു പോകുന്നതാണെന്റെ ധര്‍മ്മം
എന്നു നിനയ്ക്കുന്നപോലാ മലര്‍ നിന്നിതേ മണ്ണിനെ നോക്കി
തക്കത്തിലെത്തിപ്പവനന്‍ അതു തട്ടിയെടുക്കാനൊരുങ്ങി
മൂവരും തര്‍ക്കിച്ചു ഞങ്ങള്‍ തെല്ലു നേരമങ്ങീ നില നിന്നു
പെട്ടെന്നൊരൊത്തു തീര്‍പ്പാക്കി ഞങ്ങള്‍ മൂവരും സംതൃപ്തിയാര്‍ന്നു
നന്മധു മാത്രം മതിയെന്നോതി വണ്ടും മധുവുണ്ടു പോയി
പൂവിന്‍ സുഗന്ധം മതിയെന്നു ഞാന്‍ സൂനമിറുത്തു മണത്തു 
 വാടിക്കുഴഞ്ഞ സുമത്തെ ഞാനും അച്ചെടിച്ചോട്ടിലെറിഞ്ഞു
വേഗം കരിഞ്ഞും അലിഞ്ഞും  അതു മണ്ണോടുചേര്‍ന്നു വളമായ്
ഈശന്റെ മായാവിലാസം ഓര്‍ത്തു ഞാനാ സുമത്തോടുചൊന്നു
ഖേദിക്കവേണ്ട സുമമേ നിന്റെ ജീവിതം ധന്യമായ്ത്തീര്‍ന്നു
ലാളിപ്പവര്‍ക്കൊന്നു പോലെ നീയിന്നാനന്ദമേകി മറഞ്ഞു
ഇക്കണ്ടതെല്ലാം നശിക്കും അവ മണ്ണോടു ചേര്‍ന്നു മറയും
തെല്ലുമേ ഖേദിക്കവേണ്ട നിന്റെ ജീവിതം ധന്യമായ് തീര്‍ന്നു

        കെ.എസ്. ഭാര്‍ഗ്ഗവി ടീച്ചര്‍ വെട്ടിക്കവല

പരിണാമം(കവിത)

പരിണാമത്തിന്‍ ഫലമായിന്നവനിരുകാലികളായ് മാറി
വാലുകൊഴിഞ്ഞു കാലില്‍ നടന്നു നട്ടെല്ലു നിവര്‍ന്നവനായി
കായ്കനികള്‍ ഭക്ഷിച്ചു നടന്നവന്‍ നായാടികളായ് മാറി
കല്ലും നഖവും കുന്തവുമായവന്‍ കയ്യൂക്കുള്ളവനായി
വേദം ശാസ്ത്രപുരാണേതിഹാസം ഇവതന്‍ മനുഷ്യമഹത്വം
ഏറെ മഹാന്മാരുള്ളൊരുനാടായ് ലോകം നമ്മളെ വാഴ്ത്തി
കാലം ഏറെ കഴിഞ്ഞവനിപ്പോള്‍ നട്ടെല്ലില്ലാതായി
ഇരുകാലുകളില്‍ നടന്നിവനിപ്പോള്‍ "ലെവലില്ലാതെ"യുമായി
കള്ളം ചതി കൊല പെണ്‍വാണിഭമിതു അവനുടെ രാക്ഷസരൂപം
ഇണയാം പെണ്ണിനെ ഇരയാക്കിയവന്‍ ചതികള്‍ കാട്ടി രസിപ്പൂ
അധികാരികകളുടെ നിലവാരം തറ തറയെക്കാളും താഴെ
അവരുടെ പിന്‍പേ ഗമിച്ചാല്‍ ഉലകില്‍ ഇനിയൊരു ജീവിതമില്ല
കുടിയന്മാരെ കൊണ്ടു നിറച്ചാല്‍ ഖജനാവില്‍-ഘനമേറും
എവിടെയുമിപ്പോള്‍ കുടിയന്മാരുടെ തരികിട തകധിമി മേളം
സര്‍ക്കാരുദ്യോങ്ങള്‍ ഇപ്പോള്‍ സംഘടനകളുടെ കേളി
സര്‍ക്കാരുദ്യോഗങ്ങളിലിപ്പോള്‍ വ്യാജന്മാരുടെ മേളം
വിദ്യാഭ്യാസത്തിന്‍ നിലവാരം ആഭാസകരം തന്നെ
വിദ്യാഭ്യാസ കച്ചവടക്കാര്‍ കോടികള്‍ കൊയ്യും കാലം
നാടും നന്മയുമെല്ലാം പോയ് നാം നാടോടികളായ് മാറി
നാട്ടുനടപ്പുകളെല്ലാം പോയ് നാം നാട്യക്കാരായ് മാറി
കൂട്ടു കുടുംബ വ്യവസ്ഥിതി മാറി കൂരകളില്ലാതായി
കൊട്ടാരങ്ങള്‍ പെരുകി ഇവിടെ ഭൂമാഫിയകള്‍ വിലസുന്നു
ജെ.സി.ബി. കളാം കാലന്മാരുടെ കൊലവിളിയെവിടെയുമെങ്ങും
കുന്നും മലയും എല്ലാമിന്ന് ലോറിയില്‍ കയറി മറഞ്ഞു
കാലം പോയി വര്‍ഷം പോയി കാടുകളെല്ലാം പോയി
തോടും പോയി വയലും പോയി തോന്ന്യാസങ്ങള്‍ ബാക്കി
സംസ്കാരങ്ങള്‍ പടിക്കുപുറത്ത് നാമോ ചാനലിനുള്ളില്‍
കാര്യത്തിന്‍ ഗതി ഈ വിധമായാല്‍ കാട്ടാളന്മാര്‍ പെരുകും
ലക്ഷ്യവുമില്ലാ ബോധവുമില്ല ലക്ഷ്യം ഭരണം മാത്രം
ഇടതും വലതും കാരണമിപ്പോള്‍  വലയുകയാണീ നമ്മള്‍
രാജാവിന്‍ ഭരണങ്ങള്‍ നമ്മളില്‍ നന്മകളേറെ വളര്‍ത്തി
കള്ളും ചതി കൊല ഇല്ലാതിവിടെ മഹാബലി വാണൊരുകാലം
മാന്യതപോയി മഹാബലി പോയി മാനക്കേടുകള്‍ മാത്രം
മാന്യത എന്നതു മലയാളികളുടെ വേഷം കെട്ടലുമാത്രം
കലികാലത്തെ പഴിപറയുന്നവരൊരു കാര്യം നാം ഓര്‍ക്ക
കലിയും കാലനുമെല്ലാം നമ്മള്‍ നരനാണെന്നതുമാത്രം
വരുമോ വരുമോ നന്മകള്‍ വിരിയും നല്ലൊരുകാലം വരുമോ?
വരുമോ വരുമോ നന്മകള്‍ വിരിയും ഇനിയൊരുകാലം വരുമോ?

                                                 കനകലത വെട്ടിക്കവല

Saturday, 24 November 2012

എന്റെ കവിത(കവിത)

കവിത്വമില്ലാത്ത ഞാന്‍ കവിതയെഴുതുന്നു
പാട്ടറിയാത്ത ഞാന്‍ പാട്ടുകള്‍ പാടുന്നു
അക്ഷരക്കൂട്ടത്തിന്‍ കൊച്ചുമുറിതന്നില്‍
സാഹിത്യസമ്മേളനവേദിയിങ്കല്‍....
എന്റെ കവിതയ്ക്ക് ഭംഗിയുണ്ടാകില്ല
എന്റെ കവിതയ്ക്ക് ഭാവവും കാണില്ല
ആരുമിതിനെ പുകഴ്ത്തിയില്ലെങ്കിലും
കാക്കയ്ക്ക് തന്‍കുഞ്ഞു പൊന്‍കുഞ്ഞു താന്‍
എന്തിനായിട്ടു ‍ഞാനീ വേല ചെയ്യുന്നു
എന്തിനായിട്ടു ഞാന്‍ പാട്ടുകള്‍ പാടുന്നു
അക്ഷരക്കൂട്ടത്തെ സാഹിത്യവേദിയില്‍
എന്റെ കവിതയും ചൊല്ലിടേണ്ടേ
വ്യാഴവട്ടം പിന്നെ രണ്ടുമാസം കൂടി
ചേരുന്ന വേളയീ കൂട്ടത്തിന്
ആശംസനേരുവാന്‍ സന്തോഷമേകുവാന്‍
ഞാനെന്റെ കവിതയും ചൊല്ലിടുന്നു......



                                                          സോമദാസ് വെട്ടിക്കവല

കാലം(കവിത)

കാലം സാക്ഷിയായി നില്ക്കുന്നു.....
മാനവലോകം നെറികേട് കാട്ടി രസിക്കുന്നു
കലികാലമെന്നുപേര്‍ ചൊല്ലിയവരിന്നിവിടെ
നരനായ്ക്കളായിന്ന് നൃത്തം ചവിട്ടുന്നു.
പ്രകൃതിയെ ഒന്നാകെ തകിടംമറിച്ചവര്‍
മറുലോകവും താണ്ടി താണ്ഡവമാടുന്നു.
ഹതഭാഗ്യരായിന്ന് മാനുഷ്യര്‍ ഇന്നിവിടെ
ഗതികേടുകള്‍ കണ്ട് മിഴിനട്ടിരിക്കുന്നു.
അരുതെന്നു പറയുവാന്‍ ആരുമില്ലാത്ത ഗതി
അവര്‍ തന്നെ ഇവിടുത്തെ സൃഷ്ടിയും സൃഷ്ടാവും
നെറികേടില്‍ സഹികെട്ടു നാവുചലിപ്പിച്ചാല്‍
അവരിവിടെ വേണ്ടെന്നു കല്പിച്ചിടുന്നവര്‍
ഭൂതവും ഭാവിയും വര്‍ത്തമാനങ്ങളും
കാലം ഹരിച്ചു ഗുണിച്ചു പഠിക്കുന്നു.
വേണ്ടതിന് വേണ്ടപോല്‍ വിധിനിര്‍ണ്ണയിക്കുന്ന
കാലത്തിന്‍ ഗതിവിഗതി ആരറിയുന്നുവോ.....
കാലത്തിന്‍ ഗതിവിഗതി ആരറിയുന്നുവോ.....



                                         കനകലത(വെട്ടിക്കവല)

Friday, 23 November 2012

സൗഹൃദം(കവിത)

സൗഹൃദം മധുവാര്‍ന്നൊരോര്‍മ്മ പോല്‍
പൂവിരല്‍ തൊട്ടുണര്‍ത്തിയെന്‍ നെഞ്ചില്‍ പുതുരാഗമായ്
അന്നു നാം കണ്ടൊരാ രാവില്‍
പുതു ഈണമായ് നമ്മളില്‍ സൗഹൃദം...
കളിവാക്കുചൊല്ലിയും ചെറുകുസൃതികാട്ടിയും
നാം പോയൊരാ വീഥിയില്‍
മലരിതളുകള്‍ തൂകുമീ തെന്നലില്‍
കുളിരുപോല്‍ സൗഹൃദം....
പുതുകനവുതേടി നാം പോയൊരായാത്രയില്‍
തമ്മില്‍ പെയ്തൊരാ ആര്‍ദ്ര പുതുപ്രണയം
കൈകോര്‍ത്തു പോകവേ വാക്കിനാല്‍
എന്‍പുസ്തകത്താളില്‍ നിറമെഴും
മാരിവില്ലിന്നഴകാം ഹൃദയഭാഷയില്‍
കുറിച്ചു നിനക്കായി ഞാനെന്‍ പ്രണയഗീതം
മറുവാക്കു കുറിച്ചിടാതെ.....
ഹൃദയപുസ്തകത്തില്‍ കൈയ്യൊപ്പു ചേര്‍ത്തിടാതെ
കനവിലൊരോര്‍മ്മയായി നീ മാറിയ സന്ധ്യയില്‍
കാത്തിരുന്നു ഞാന്‍ നിന്‍വരവിനായി......
നിണമൊഴുകുന്ന ഹൃദയവുമായി................


                                        വിശാഖ്
                                        സ്റ്റാന്‍ഡേര്‍ഡ്-10C
                                        എച്ച്.എസ്സ്.കോട്ടവട്ടം

Thursday, 1 November 2012

ആദിപാവം

ചിനാര്‍മരങ്ങളുടെ താഴ്വരയില്‍ ഞാനൊരസ്ഥി നട്ടു.
മഞ്ഞ് കൊഴിയുന്ന ഏതോ പ്രഭാതത്തില്‍ അതിനൊരു മുളവന്നു.
അത് വളര്‍ന്ന് ഒരു പെണ്‍മരമായി മാറി.
ഞാനവള്‍ക്ക് ഹവ്വ എന്ന ചെല്ലപ്പേര് നല്കി ഓമനിച്ചു.
എന്റെ സ്വപ്നങ്ങള്‍ അവളായിരുന്നു
എന്റെ സ്വപ്നങ്ങളില്‍  ഞാന്‍ അവള്‍ക്ക് ചിറകുകള്‍ വരച്ചു.
മുറിഞ്ഞ വാരിയെല്ലുമായി ഞാന്‍ അവള്‍ക്കു വേണ്ടി ജീവിച്ചു.
എന്റെ ഏതോ ആലസ്യനിമിഷത്തില്‍ അവള്‍ എന്നില്‍ നിന്നും പറന്നകന്നു.
ബലിഷ്ടപേശികളുള്ള സാത്താന്‍ മരവുമായി അവള്‍ സന്ധിചെയ്തു.
അവന്‍ പ്രതിഫലമായി നല്കിയ കനിയില്‍ പകുതി അവളെനിക്കു തന്നു.
ചിനാര്‍മരങ്ങള്‍ അതുകണ്ട് ആര്‍ത്തുചിരിച്ചു.
അങ്ങനെ ഞാന്‍ അവള്‍ക്കും സാത്താനും അടിമയായി.
ഇന്ന്.....
പഴയ താഴ്വരയില്‍ ഞാനൊരസ്ഥികൂടി നട്ടു.
ഒന്നു തീര്‍ച്ച, ഇനി മുളയ്ക്കുന്ന പെണ്‍മരത്തിനായി
എന്റെ സ്വപ്നങ്ങളിലൊന്നിലും ഞാന്‍ ചിറകുകള്‍ വരയ്ക്കില്ല..... 


                              രൂപേഷ് വെട്ടിക്കവല

മഴ മൊഴികള്‍


Saturday, 20 October 2012

സൂചിമുഖിപ്പക്ഷികള്‍

പതഞ്ഞൊഴുകുന്ന റഷ്യന്‍ വോഡ്കപോലെ നമ്മുടെ സ്നേഹം.
കര്‍പ്പൂരത്തിരികള്‍ കത്തിച്ചുവച്ച്, നിലാവ്പെയ്യുന്ന രാവുകളില്‍
പഴയസൗഹൃദങ്ങളുടെ കെട്ടുറപ്പിനായി ഒരിക്കല്‍ കൂടി നമുക്കൊരുമിക്കാം.
ഇന്ന്......
പത്തുമണിപ്പൂക്കള്‍ വിരിയുമ്പോള്‍ എന്റെ ക്രീയകളുടെ ആരംഭവും,
നാലുമണിപ്പൂക്കള്‍ വിരിയുമ്പോള്‍ അവയുടെ അവസാനവും ഞാനറിയുന്നു.
ഇവിടെ പുതിയ തിരിച്ചറിയലുകള്‍......
ഇനി പ്രവചനങ്ങളുടേയും കണക്ക് കൂട്ടലുകളുടേയും പിഴച്ച ചുവടുവയ്പ്പുകളുടേയും
സമാഹാരം തേടി നമുക്ക് യാത്ര തിരിക്കാം...
വഴിയോരത്തെ പീടികത്തിണ്ണയിലോ,പഴയപാരലല്‍ കോളേജിലോ,
അതുമല്ലെങ്കില്‍ ഏതെങ്കിലും ഉല്ലാസകേന്ദ്രത്തിലെ വൃത്തികെട്ട ഹോട്ടല്‍മുറികളിലോ വച്ച്
സൂചിമുഖിപ്പക്ഷികള്‍ ചെമ്പരത്തിപ്പൂക്കളില്‍ നിന്ന് ചുടുതേന്‍ നുകരുന്നപോലെ,
പരസ്പരം ചോരയുടെ രുചിയറിയാം......


                                          രൂപേഷ് വെട്ടിക്കവല


അരണ(അനൂപ്കുമാര്‍)


കലാലയം(കവിത.അനൂപ്കുമാര്‍)


അനാമിക

ജോസഫ്.......
അനാമികയെ പ്രണയിച്ച  നീ എനിക്ക് പരിചിതനാണ്.
ദീപ്തമായ നിന്റെ പ്രണയം, ആ ഏണിയും പാമ്പും കളിയും നീ അവള്‍ക്ക് തോറ്റുകൊടുത്തു.
അക്കങ്ങളെ മറികടന്ന് ക്രാന്തദര്‍ശിയായി നീ മുന്നേറിയപ്പോള്‍ ഒരുപക്ഷേ അവള്‍ കരുക്കള്‍-
വലിച്ചെറിഞ്ഞിരിക്കണം......
ഒരിക്കല്‍ നീ എന്നോടു പറഞ്ഞു അവളുടെ നിശ്വാസത്തിന്റെ ചൂടേറ്റാണ് നീ അവളെ പ്രണയിച്ചതെന്ന്.
സൂര്യകാന്തിപ്പൂക്കള്‍ മാത്രം വിരിയുന്ന പാടങ്ങളെ പുകപോലെ നനുത്ത മഞ്ഞ് മൂടുന്നത് നിന്റെ പതിവു സ്വപ്നമായിരുന്നു.സൈപ്രസ് മരങ്ങളുടേയും പൈന്‍മരക്കാടുകളുടേയും നടുവിലൂടെ കൈ കോര്‍ത്ത് നടന്നുനീങ്ങിയപ്പോള്‍ നിന്റെ മോതിരവിരല്‍ തുടിച്ചിരുന്നു.അപശകുനങ്ങളുടെ കൂട്ടത്തില്‍ നീ അതും എണ്ണിത്തുടങ്ങി
കുന്നിന്‍മുകളിലെ ഏതോ വൈദേശികന്റെ പഴയ ശവകുടീരത്തിനു മുന്നില്‍ വച്ചാണ് അവള്‍ക്കായി നീ ഒരു മാല കൊരുത്തത്. അന്ന് അവിടെ ശവംനാറിപ്പൂക്കള്‍ മാത്രമേ വിരിഞ്ഞിരുന്നുള്ളൂ.
ജോസഫ്........
നിന്റെ മരണം,
അന്ന് മഴ പെയ്തിരുന്നു.മലമുകളില്‍ വച്ച് അവള്‍ നല്കിയ കനികളില്‍ വിഷക്കനിമാത്രം നീ ബാക്കിവച്ചു.
ചോരയണിഞ്ഞ മുഖവുമായി മരവിച്ചു കിടന്ന നീ എന്റെ സ്മൃതിയിലുണ്ട്.അന്ന് കുങ്കുമപ്പൂവ് പോലെ ചെമന്നിരുന്ന നിന്റെ മുഖം കണ്ടാണ് ഞാനൊരു വിപ്ലവകവിയായത്...
നന്ദി...ജോസഫ്...നന്ദി..
ദൂരെ പഴയ കുന്നിന്‍മുകളില്‍ ആരോ ഏണിയും പാമ്പും കളിക്കുന്നു.
ഒരു പക്ഷേ അത് നിന്റെ ആ പഴയസ്നേഹിതയാകണം.. ഞാന്‍ അവിടേയ്ക്ക് പോകുന്നു.
എന്റെ വിപ്ലവവീര്യത്തിന് ചോരയണിഞ്ഞ ഒരു മുഖം കൂടി ആവശ്യമുണ്ട്.
ജോസഫ്..... നിനക്കെന്റെ വിപ്ലവാശംസകള്‍

                                                                (രൂപേഷ് വെട്ടിക്കവല)

Friday, 19 October 2012

ദാമ്പത്യം

ബ്യൂട്ടിപാര്‍ലറിന്റെ ചാരുബഞ്ചിലിരുന്ന് ഞാന്‍ നഗരത്തിലേക്ക് നോക്കി.കൂനനുറുമ്പുകള്‍
നിരയിട്ടപോലെ നഗരം. അവളെന്നെ സൂക്ഷിക്കാനേല്പിച്ച അവളുടെ പ്രിയപ്പെട്ട നായക്കുട്ടി എന്റെ
മടിയില്‍ കൂസലില്ലാതെ കിടന്നു.
ഞാന്‍ മുഷിഞ്ഞുതുടങ്ങിയിരുന്നു. കുറച്ചു സമയത്തെ കാത്തിരിപ്പിനൊടുവില്‍ പാര്‍ലറിന്റെ
ചില്ലുവാതില്‍ തുറന്ന് അവള്‍ പുറത്തേക്കു വന്നു. അവളുടെ നായക്കുട്ടി എന്റെ മടിയില്‍നിന്നും
ചാടിയിറങ്ങി അവളെ മുട്ടിയുരുമിനിന്നു.എങ്ങിനെയുണ്ട് എന്ന ഭാവത്തില്‍ ആകാംഷയോടെ അവള്‍
എന്റെ മഖത്തേക്കുനോക്കി.
നിരവ്വികാരനായി നില്‍ക്കുന്ന എന്റെ മുഖഭാവം അവളെ ദേഷ്യം പിടിപ്പിച്ചിരിക്കണം.അവള്‍ എനിയ്ക്
മുന്നേ നടന്നു.വിലകൂടിയ ഏതോ വിദേശനിര്‍മ്മിത പെര്‍ഫ്യൂമിന്റെ ഗന്ധം നിരത്തില്‍
നിറഞ്ഞു.കിടപ്പറയില്‍പ്പോലും അവളുടെ വിയര്‍പ്പിന്റെ ഗന്ധം ആസ്വദിക്കാന്‍ എനിയ്ക് കഴിഞ്ഞിട്ടില്ലല്ലോ?? തിരക്കുള്ള നഗരത്തിലൂടെ  ഒരു കാഴ്ചവസ്തുവായി അവള്‍ നടന്നു.പിന്നില്‍ കാവല്‍ക്കാരനായിഞാനും.നഗരക്കാഴ്ചകള്‍ കാണാനിറങ്ങിയ ചെറുപ്പക്കാരുടെ ഒരു കൂട്ടം അവളെ നോക്കിക്കൊണ്ട്
കടന്നുപോയി.എല്ലാവര്‍ക്കും ക്യാമറാകണ്ണുകള്‍.......
                    ദൂരെ നിരത്തിലൂടെ കശുവണ്ടിത്തൊഴിലാളികളായ കുറേ സ്ത്രീകള്‍ നടന്നു വരുന്നു.           ചോര വിയര്‍പ്പാക്കുന്നവര്‍..കൗതുകത്തോടെ ഞാന്‍ അവരെ നോക്കിനിന്നു. ഈ സമയം റോഡ് മുറിച്ച് അവള്‍ എതിരെകണ്ട തുണിക്കടയിലേയ്ക്ക് കയറി.അവളുടെ ഒപ്പമെത്താനായി ഞാന്‍ തിടുക്കംകൂട്ടി.നിരത്തിലൂടെ ചീറി വന്ന വിദേശനിര്‍മ്മിത കാര്‍ ഒരു അലര്‍ച്ചയോടെ നിന്നു.നഗരത്തിലെ കറുത്തപാതയില്‍ എന്റെ രക്തം ചെമന്ന ഒരു അരുവിയായി പതഞ്ഞൊഴുകി.ഓടിവന്ന കശുവണ്ടിത്തൊഴിലാളികള്‍ എന്നെ വാരിയെടുത്തു.അവരുടെ      വിയര്‍പ്പിന്റെ ഗന്ധം ഞാനറിഞ്ഞു.ആ ഗന്ധം എന്റെ ആത്മാവില്‍ അലിഞ്ഞു. അപ്പോള്‍ ശീതം നിറഞ്ഞ തുണിക്കടയില്‍ അവള്‍ കറുപ്പുനിറമുള്ള ഒരു ഷിഫോണ്‍ സാരി തിരഞ്ഞെടുത്തിരുന്നു.
( രൂപേഷ് വെട്ടിക്കവല)

പ്രണയം-ആധുനികപര്‍വ്വം

 ബൈക്കപകടത്തില്‍ മരിച്ച ബിനുപോളിന്റെ ശവഘോഷയാത്രയില്‍വച്ചാണ് ഞാനവളെ
 ആദ്യമായി പരിചയപ്പെട്ടത്.
വെള്ളാരംകല്ലുകള്‍ പോലെ കണ്ണുകള്‍ ഉള്ളവള്‍....
ആ കണ്ണുകള്‍ കൊണ്ട് അവളെന്നെ പ്രണയം അറിയിച്ചു.
ബിനുപോളിന്റെ തലതകര്‍ന്ന ശവം ഞാന്‍ വിസ്മരിച്ചു.
ആദ്യ പ്രണയം.......
ഒരു മഴപോലെ എന്നില്‍ പെയ്തിറങ്ങി.
ബിനുപോളിന്റെ മമ്മിയുടെ നിലവിളി ആ മഴയില്‍ അലിഞ്ഞുചേര്‍ന്നു.
വെള്ളാരംകല്ലുകള്‍ പോലെ മനോഹരമായ അവളുടെ കണ്ണുകള്‍.
ആ ഒരു നോട്ടത്തിനു വേണ്ടി നിരത്തിലൂടെ പള്‍സര്‍ ബൈക്കുകള്‍ ചീറിപ്പാഞ്ഞു.
എന്റെ ലാപ് ടോപ്പില്‍ അവള്‍ സ്ക്രാപ്പുകള്‍ അയച്ചു കൊണ്ടേയിരുന്നു.
അസ്ത്രങ്ങള്‍ ഹൃദയത്തില്‍ തുളച്ചുകയറുന്ന ചിത്രങ്ങള്‍.
അവ എന്നും  അവള്‍ക്ക് ഇഷ്ടമായിരുന്നു....
ചെവിമുറിച്ച് സ്നേഹഭാജനത്തിന് സമ്മാനിച്ച വാന്‍ഗോഗിനെപ്പോലെ എന്റെ ഹൃദയം
ഒരു പിറന്നാള്‍ സമ്മാനമായി അവള്‍ക്ക് നല്‍കേണ്ടി വരുമെന്ന് ഞാന്‍ ഭയന്നു.
വേനല്‍ച്ചൂടില്‍ എന്റെ ചോരവീണ് പാത തണുത്തു.
രക്തം വാര്‍ന്നു മരിച്ച എന്റെ ചിത്രവുമായി പ്രമുഖപത്രങ്ങള്‍ നിരത്തുകള്‍ വാണു.
എന്റെ ശവഘോഷയാത്രയില്‍, എനിക്കായി പ്രണയത്തിന്റെ പാഠം പറഞ്ഞുതന്ന
കാമിനിയുടെ വെള്ളാരംകല്ലുകള്‍ പോലെയുള്ള കണ്ണുകള്‍ പുതിയമുഖം തേടി.
എന്റെ ഓര്‍ക്യൂട്ടില്‍ പരിചിതനല്ലാത്ത ഏതോ ഒരു ചങ്ങാതി ഒരു ചിത്രം അയച്ചു.
ഒരു സാരിത്തുമ്പില്‍ തൂങ്ങിയാടുന്ന രണ്ടാത്മാക്കളുടെ ചിത്രം,
ആ ചിത്രത്തില്‍ അപ്പോഴും അവരുടെ കാല്‍വിരലുകള്‍ തമ്മില്‍
പ്രണയിക്കുകയായിരുന്നു.........


                                                                                 (രൂപേഷ്,വെട്ടിക്കവല)